പയ്യന്നൂർ: സ്വകാര്യ മേഖലയിലെ കണ്ടൽ വനങ്ങൾ വില കൊടുത്ത് ഏറ്റെടുത്ത് സർക്കാർ നിക്ഷിപ്ത വനമാക്കി മാറ്റുന്ന പദ്ധതി സർവേയിൽ ഒതുങ്ങി. തീരദേശ സംരക്ഷണത്തിനായി കണ്ടൽക്കാടുകൾ ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് ജലരേഖയായി മാറിയത്.
സർക്കാർ നിർദേശം വന്ന ഉടൻ കർഷകർ കൈമാറാൻ സന്നദ്ധ അറിയിച്ചുവെങ്കിലും സർക്കാർ ഏറ്റുവാങ്ങാൻ തയാറായില്ല. 2003ലാണ് ഇത് സംബന്ധിച്ച് സർക്കാർ ആദ്യം തീരുമാനമെടുത്തത്. ഇതിനു ശേഷം നിരവധി സർവെകൾ നടന്നുവെങ്കിലും ഏറ്റെടുക്കൽ മാത്രം ഉണ്ടായില്ല. 2015ലും കഴിഞ്ഞ വർഷം ഫെബ്രുവരിയിലും ഇതു സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് ഉത്തരവിറക്കിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
ജില്ലയിലെ ഏഴോം പഞ്ചായത്തിൽ ഏഴ് ഏക്കർ കണ്ടൽ ഭൂമിയുള്ള സുരേശൻ വൻ വില വാഗ്ദാനം നൽകിയിട്ടും ചെമ്മീൻ വ്യവസായികൾക്ക് ഭൂമി വിൽക്കാൻ തയാറാവാതെ വനം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യവുമായി സർക്കാരിൽ അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുകയാണ്.
എന്നാൽ നടപടി ഉണ്ടായില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള പഞ്ചായത്താണ് കുഞ്ഞിമംഗലം. 1.374 ചതുരശ്ര കിമീറ്ററാണ് കുഞ്ഞിമംഗലത്തെ കണ്ടൽക്കാടിന്റെ വിസ്തൃതി. ഔദ്യോഗിക കണക്കുപ്രകാരം കേരളത്തിലെ ആകെ കണ്ടൽക്കാടിന്റെ വിസ്തൃതിയുടെ 8.08 ശതമാനവും കുഞ്ഞിമംഗലത്താണുള്ളത്.
വനംവകുപ്പിന്റെ കണക്കു പ്രകാരം ഒമ്പത് ച.കിമീറ്ററാണ് കേരളത്തിലെ കണ്ടൽക്കാടുകളുടെ വിസ്തൃതി. അത് പരിശോധിക്കുകയാണെങ്കിൽ കുഞ്ഞിമംഗലത്തെ കണ്ടൽക്കാടുകളുടെ വിസ്തൃതി സംസ്ഥാനത്ത് ആകെയുള്ള കണ്ടൽക്കാടുകളുടെ 15.27 ശതമാനം വരും. ഇതിൽ ഭൂരിഭാഗവും സ്വകാര്യ ഭൂമിയിലാണ്.
കുഞ്ഞിമംഗലം പഞ്ചായത്തിൽ പുഴ പുറമ്പോക്കിലെ 22.4 ഏക്കർ കണ്ടൽക്കാടുകൾ വനംവകുപ്പിന് കൈമാറി റിസർവ് ഫോറസ്റ്റായി പ്രഖ്യാപിച്ചിട്ടുണ്ട്. 2015ൽ മാൻഗ്രോവ് മിഷൻ പദ്ധതിയുടെ ഭാഗമായാണിത്. പരിസ്ഥിതി സംഘടനകൾ വില കൊടുത്തു വാങ്ങി സംരക്ഷിക്കുന്ന കണ്ടൽക്കാടുകളും വനം വകുപ്പ് റിസർവ് ഫോറസ്റ്റായി പ്രഖ്യാപിച്ച കണ്ടൽക്കാടുകളും കൂടി പരിഗണിച്ചാൽ 65 ഏക്കറിലധികം കണ്ടൽക്കാടുകൾ സംരക്ഷിത വനമായി കുഞ്ഞിമംഗലത്തിന്റെ കണ്ടൽ സമ്പത്തിന് തിലകക്കുറിയായി നിൽക്കുന്നു.
കുഞ്ഞിമംഗലത്ത് അവശേഷിക്കുന്ന കണ്ടൽക്കാടുകളുടെ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ കൈവശമാണുള്ളത്. ഈ പച്ചപ്പുകളെ സംരക്ഷിക്കുന്നതിനുള്ള തീരുമാനമാണ് കടലാസിൽ വിശ്രമിക്കുന്നത്.
കുഞ്ഞിമംഗലത്ത് സർക്കാർ കണ്ടൽ ഏറ്റെടുക്കാൻ തീരുമാനമെടുക്കുന്നതിന് മുമ്പുതന്നെ ചില പരിസ്ഥിതി സ്നേഹികളും സീക്ക് ഉൾപ്പെടെ സംഘടനകളുമാണ് കണ്ടൽക്കാടുകൾ വില കൊടുത്തു വാങ്ങി സംരക്ഷിച്ചു വരുന്നത്.
ബാക്കിയുള്ള സ്വകാര്യ കണ്ടലുകൾ അടുത്ത കാലത്ത് വൻതോതിൽ നശിപ്പിച്ചു വരികയാണ്. ഫലപ്രദമായ നടപടികളില്ലാത്തതാണ് ഈ ഹരിത മതിലിന് ഭീഷണിയാവുന്നത്. വൻ തോതിലുള്ള കണ്ടൽവേട്ടക്കെതിരെ പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹരജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.