പയ്യന്നൂർ: സംസ്ഥാന സർക്കാർ പൊതുവിതരണ ഉപഭോക്തൃ വകുപ്പിന്റെ ശാസ്ത്രീയ ഭക്ഷ്യ സംഭരണശാല ശിലയിലൊതുങ്ങിയോ? എരമം പുല്ലു പാറയിൽ കഴിഞ്ഞ മേയിൽ ശിലാസ്ഥാപനം കഴിഞ്ഞ സംഭരണശാല നിർമാണത്തിന് തുടക്കം കുറിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരുനീക്കവുമില്ല.
സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ പരിപാടികളുടെ ഭാഗമായാണ് എരമം പുല്ലുപാറയിൽ പൊതുവിതരണ വകുപ്പിന്റെ ശാസ്ത്രീയ ഭക്ഷ്യ സംഭരണശാല നിർമിക്കാൻ തീരുമാനിച്ചത്. അഞ്ചു കോടി ചെലവിൽ നിർമിക്കുന്ന സംഭരണശാലയുടെ ശിലാസ്ഥാപനം കഴിഞ്ഞ മേയ് 18ന് മന്ത്രി ജി.ആർ. അനിലാണ് നിർവഹിച്ചത്.
ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രീയമായ രീതിയിൽ ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും അതുവഴി പൊതുവിതരണം സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഭരണശാല നിർമിക്കുന്നത്. എന്നാൽ ശിലാസ്ഥാപനം കഴിഞ്ഞ് വർഷം ഒന്ന് കഴിഞ്ഞിട്ടും ഇവിടെ ഒരു പ്രവർത്തനവും നടന്നിട്ടില്ല. പ്രദേശമാകെ കാടുമൂടി കിടക്കുകയാണ്. പുല്ലുപാറ പൊതുജന വായനശാല സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്താണ് ഭക്ഷ്യ സംഭരണ ശാല നിർമിക്കാൻ തീരുമാനിച്ചത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ പൊതുവിതരണം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ അവഗണനയുടെ ചുവപ്പുനാടയിൽ വിശ്രമിക്കുന്നത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന ഭൂമി സൗജന്യമായി നൽകിയ വായനശാല പ്രവർത്തകർ പദ്ധതി നടപ്പിലാവാത്തതിനാൽ നിരാശയിലാണ്.
വർഷങ്ങൾക്കു മുമ്പ് പുല്ലുപാറയിൽ നിർമാണമാരംഭിച്ച സൈബർ പാർക്കും പാതിവഴിയിൽ നിലച്ചിരുന്നു. കെട്ടിട നിർമാണ സാമഗ്രികൾ തുരുമ്പെടുത്തു നശിച്ചു. പകരം തുടങ്ങാനിരുന്ന വ്യവസായ എസ്റ്റേറ്റിന്റെ സ്ഥിതിയും തഥൈവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.