പഴയങ്ങാടി: പഴയങ്ങാടിയിൽ നിന്നും പുതിയങ്ങാടി-മാട്ടൂൽ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കുരുക്കിനും പഴയങ്ങാടി ടൗണിലെ മൊത്തം ഗതാഗതക്കുരുക്കിനും ഇനി ശാശ്വത പരിഹാരമാകും. പഴയങ്ങാടിയിൽ പുതിയ റെയിൽവേ അടിപ്പാത നിർമാണത്തിന് സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ വകയിരുത്തിയതോടെയാണിത്. വർഷങ്ങളായി പ്രദേശത്തിന്റെ തീരാദുരിതമായി മാറിയ ഗതാഗത കുരുക്കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.
1810ൽ ഇന്ത്യൻ റെയിൽവേയുടെ മംഗലാപുരം-വളപട്ടണം പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട നിലവിലെ പാലത്തിന്റെ അടിഭാഗം ക്രമീകരിച്ചത് കാളവണ്ടികൾക്ക് കടന്നുപോകാനുള്ള സൗകര്യം ലക്ഷ്യമിട്ടാണ്. പരിമിതമായ സൗകര്യം മാത്രം പരിഗണിച്ച് നിർമിച്ച അടിപ്പാത രണ്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും കാലോചിതമായി പുനർനിർമാണം നടത്താനോ നവീകരിക്കാനോ കഴിയാത്തതാണ് വികസന മുരടിപ്പിനും ഗതാഗത കുരുക്കിനും കാരണമായത്.
വെള്ളകെട്ട് രൂപപ്പെടുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും വാഹനങ്ങൾ ഒാഫായി പോവുന്നതും പതിവ് കാഴ്ചകളുമാണ്. വെള്ളക്കെട്ട് കാരണം കാൽനടയാത്രയും ദുസ്സഹമായി തീരാറുണ്ട്. വർഷങ്ങളായുള്ള പഠനത്തിന്റെയും നിരീക്ഷണങ്ങളുടെയും ഫലമായാണ് നിലവിലുള്ള അടിപ്പാതക്ക് സമീപത്തായി സമാന്തര അടിപ്പാതയാണ് ശാശ്വത പരിഹാരമെന്ന് നിർദേശിക്കപ്പെട്ടത്. എം.വിജിൻ എം.എൽ.എ വിഷയം സർക്കാറിന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടു വരികയായിരുന്നു. ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
കേരള റോഡ്ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയര്‍, പാലക്കാട് റെയില്‍വേ ഡിവിഷനല്‍ പാലം വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയർ ഉൾപ്പടെയുള്ള സംഘം പരിശോധന നടത്തി പുതിയ അടിപ്പാതക്ക് അംഗീകാരം നൽകി. തുടർന്ന് റെയിൽവേ ഡിവിഷനൻ മാനേജർ വർക്സ് വിഭാഗത്തോട് ആവശ്യമായ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് കത്ത് നൽകി. പ്രവർത്തിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള റെയി ൽവെയുടെ നിർദേശത്തിന് ഉറപ്പ് നൽകുകയായിരുന്നു.
തുടർന്നാണ് അടിപ്പാത നിർമ്മിക്കുന്നതിനും അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനുള്ള സംവിധാനം, പുഴയിലേക്ക് ഓവുചാൽ നിർമാണം, അപ്രോച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി എന്നിവ ഉൾപ്പടെ ആറ് കോടി രൂപയുടെ വിശദമായ പദ്ധതി രേഖ കേരള റോഡ് ഫണ്ട് ബോർഡ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.