പേരാവൂർ: നെടുംപൊയിൽ-തലശ്ശേരി റോഡിലും നെടുംപൊയിൽ -കൊട്ടിയൂർ, പേരാവൂർ റോഡിലും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും.
കോളയാട് മുതൽ ഈരായിക്കൊല്ലി വരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇതിനു പുറമേ റോഡിലേക്ക് ചാഞ്ഞ നിലയിൽ മുളങ്കാടുകളുമുണ്ട്. ഉണങ്ങി ദ്രവിച്ച മുളകൾ യാത്രക്കാർക്ക് മേൽ വീഴാമെന്ന സ്ഥിതിയാണ്.
ഇവ മുറിച്ചുമാറ്റാൻ അധികൃതർ തയാറല്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ മുളകൾ റോഡിലേക്കു വീണ് അപകടങ്ങൾ ഉണ്ടായെങ്കിലും അധികൃതർ മൗനത്തിലാണ്. ചില സന്ദർഭങ്ങളിൽ ഉദ്യോഗസ്ഥരെത്തി റോഡിലേക്ക് താഴ്ന്നു നിൽക്കുന്ന മുളകളുടെ മേൽഭാഗം മാത്രം വെട്ടിമാറ്റും. അവശേഷിക്കുന്നവ റോഡിലേക്ക് ചെരിഞ്ഞുതന്നെ കിടക്കും. ഇത് മഴയും വെയിലും കൊണ്ട് ദ്രവിച്ചു പൊട്ടി റോഡിന്റെ ഇരുവശത്തും തൂങ്ങി നിൽക്കും. ഇവയുടെ ചില്ലകൾ യാത്രക്കാർക്ക് സമ്മാനിക്കുന്നതാകട്ടെ ദുരിതവും.
റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മുളകൾ സമയാസമയങ്ങളിൽ വെട്ടി ഒതുക്കുകയോ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയോ ചെയ്യാത്തതുകൊണ്ടാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നത്.
ഇതുവഴി പോകുന്ന ബസ് യാത്രക്കാരുടെ ദേഹത്ത് മുളയുടെ ചില്ല തട്ടി പരിക്കേൽക്കുന്നതും പതിവാണ്. ഉണങ്ങിയ വലിയ മുളകൾ ഇപ്പോഴും റോഡിലേക്ക് ചാഞ്ഞുകിടക്കുന്നുണ്ട്. മുളകൾ ഉണങ്ങി തുടരെ റോഡിൽ വീഴുമ്പോഴും മുറിച്ചുനീക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. കാടുകയറിയ റോഡരികിൽ മാലിന്യം തള്ളലും പതിവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.