പേരാവൂർ: വെള്ളം കയറി കൃഷി ചെയ്യാൻ കഴിയാത്ത ഏക്കർ കണക്കിന് നെൽവയൽ പ്രദേശത്തിന് നടുക്കായി ഒഴുകുന്ന ഗുണ്ണിക -കടുക്കാപ്പാലം തോടിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ജലസേചന വകുപ്പ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് തയാറാക്കിയ ജലാഞ്ജലി-നീരുറവ് പദ്ധതിയിൽ മുഴക്കുന്ന് പഞ്ചായത്തും തൊഴിലുറപ്പ് വിഭാഗവുമായി സഹകരിച്ചാണ് ഹരിതകേരളം മിഷൻ ജല-ഉപ മിഷൻ പദ്ധതിക്ക് രൂപം നൽകിയത്.
ഗുണ്ണികമുതൽ കടുക്കാപ്പാലം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമുള്ള തോടിന്റെ 600 മീറ്റർ ദൂരം ജലാഞ്ജലി-നീരുറവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആഴവും വീതിയും കൂട്ടി കയർ ഭൂവസ്ത്രം വിരിച്ചിരുന്നു. ശേഷിക്കുന്ന ഭാഗത്തെ 400 മീറ്റർ ദൂരം കൂടി കയർ ഭൂവസ്ത്രം വിരിച്ചുതന്നെ പുനഃർനിർമിക്കാൻ തൊഴിലുറപ്പ് വിഭാഗം പദ്ധതി തയാറാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഭാഗത്തെ വിവിധ പ്രവൃത്തികളാണ് കൺവർജെൻസായി മൈനർ ഇറിഗേഷൻ വകുപ്പ് ചെയ്യുക.
കടുക്കാപ്പാലം ഭാഗത്ത് 200 മീറ്റർ നീളത്തിൽ തോടിന്റെ അരിക് കരിങ്കൽ കെട്ട്, ഈ ഭാഗത്ത് വർഷങ്ങളായി അടിഞ്ഞുകൂടിയ മണ്ണും,ചളിയും ചരലും മാറ്റൽ, വേനൽ ക്കാലത്തെ കൃഷി ആവശ്യത്തിനായി അഞ്ചു മീറ്റർ വീതിയിൽ വി.സി.ബി എന്നിവയും ഗുണ്ണിക ഭാഗത്തുള്ള പഴയ വി.സി.ബിയുടെ റിപ്പയറിങ്, ഗുണ്ണിക -കടുക്കാപ്പാലം തോടിന്റെ മധ്യഭാഗത്തായി അഞ്ചുമീറ്റർ വീതിയിൽ വി.സി.ബി എന്നിവക്കാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥ സംഘം, ഹരിതകേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ നിഷാദ് മണത്തണ, പഞ്ചായത്ത് വികസന കാര്യ സ്ഥിര സമിതി അധ്യക്ഷ എ.വനജ എന്നിവർ എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി പദ്ധതി പ്രദേശം സന്ദർശിച്ചു. ഈ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ 15 വർഷമായി വെള്ളംകയറി തരിശുകിടക്കുന്ന പാടത്ത് നെല്ല്, വാഴ, പച്ചക്കറികൾ ഉൾപ്പെടെയുള്ള കൃഷി നടത്താൻകഴിയും. കൂടാതെ നീന്തൽ പഠനത്തിനും ടൂറിസത്തിനുമുള്ള സാധ്യതയുമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.