പേരാവൂർ: കുടിയേറ്റ ജനതയുടെ ആരോഗ്യപരിപാലത്തിന് ഏക ആശ്രയമായിരുന്ന മലയോര മേഖലയുടെ മെഡിക്കൽ കോളജ് എന്നറിയപ്പെട്ടിരുന്ന പേരാവൂർ തുണ്ടിയിലെ നിർമ്മല ആശുപത്രി ഓർമ്മയാവുന്നു.മേഖലയിലെ ആദ്യത്തെ ആശുപത്രി കെട്ടിടമാണ് ഡോ. തങ്കം പാനൂസിന്റെ തൊണ്ടിയിലെ ആശുപത്രി കെട്ടിടം. ഇതാണിപ്പോൾ പൊളിച്ചുനീക്കിയത്. 1957 കാലഘട്ടത്തിലാണ് തങ്കം ഡോക്ടർ കോട്ടയം ജില്ലയിൽ നിന്ന് മലബാറിലെ തൊണ്ടിയിലേക്ക് എത്തുന്നത്.
ചികിത്സക്കായി നാട്ടുവൈദ്യത്തെ മാത്രം ആശ്രയിച്ചിരുന്ന ഒരു പ്രദേശത്തേക്ക് അവർ എത്തിച്ചേരുകയും മലയോര മേഖലയിലാകെ ആധുനിക ശാസത്രീയ ചികിത്സ വ്യാപിപ്പിച്ചു. ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രാക്ടീസുള്ള ഡോക്ടറായിട്ടാണ് അവർ അറിയപ്പെട്ടത്.
കുറ്റ്യാടി, നാദാപുരം പ്രദേശത്ത് നിന്നെല്ലാം അക്കാലത്ത് ചികിത്സക്കായി തങ്കം ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. മലയോര മേഖലയുടെ മെഡിക്കൽ കോളജ് എന്ന് അവരുടെ ആശുപത്രി അറിയപ്പെട്ടു. രോഗികളുടെ വീട്ടിൽ പോയും ഇവർ ചികിത്സിക്കുകയും പ്രസവ ശുശ്രൂഷ നടത്തുകയും ചെയ്യാറുണ്ടായിരുന്നു.
സ്വന്തമായി കാർ വാങ്ങിയ ശേഷം അവർ തന്നെ ഓടിച്ച് മലയോര മേഖലയിലെ വീടുകളിൽ ചികിത്സക്കായി പോയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ഒരു പാഠപുസതകമാണ് അക്കാലത്തെ അവരുടെ പ്രവർത്തനങ്ങൾ. ഒന്നര പതിറ്റാണ്ട് മുമ്പ് ആശുപത്രി പ്രവർത്തനം നിർത്തിയ ശേഷം യു.കെയിലേക്ക് വിശ്രമ ജീവിതത്തിന് പോയ ഡോ. തങ്കംപാനൂസ് കഴിഞ്ഞ വർഷമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.