കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷി, 85 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സൗകര്യം അര്‍ഹരായ എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് ക്രമീകരണം ചെയ്തതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടർ അരുണ്‍ കെ. വിജയന് അറിയിച്ചു.
വോട്ടര്‍പട്ടിയില്‍ 85 വയസ്സ് കഴിഞ്ഞതായി രേഖപ്പെടുത്തിയ വോട്ടര്‍ക്ക് മറ്റ് രേഖകളൊന്നും ഹാജരാക്കാതെ തന്നെ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ അവസരമുണ്ട്. വോട്ടര്‍പട്ടിക ഡേറ്റബേസില്‍ ഭിന്നശേഷി വോട്ടറായി രേഖപ്പെടുത്തിയവര്‍ക്കാണ് ഭിന്നശേഷി വിഭാഗത്തില്‍ ഫോറം 12 ഡി പ്രകാരം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയത്.
ഫോറം 12 ഡി അപേക്ഷയോടൊപ്പം 40 ശതമാനത്തില്‍ അധികം ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കുന്ന വോട്ടർമാര്‍ക്ക് മാത്രമേ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുകയുള്ളൂ. ഫോറം 12 ഡി അപേക്ഷ നല്കി എന്നതുകൊണ്ട് മാത്രം അനര്‍ഹരായ ഒരാള്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭിക്കില്ല.
ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടാത്തതും എന്നാല്‍, പ്രായാധിക്യമോ മറ്റ് കാരണങ്ങളാലോ കിടപ്പിലായവരുമായ ആളുകളെ നിലവില്‍ തെരഞ്ഞെടുപ്പ് കമീഷന് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍, അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനവും വളന്റിയര്‍മാരും ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കും. 85ല്‍ കൂടുതല്‍ പ്രായവും ഭിന്നശേഷിയുമായി രേഖപ്പെടുത്തിയ ആള്‍ക്ക് പ്രായം കണക്കാക്കി മറ്റ് സര്‍ട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ലാതെ തന്നെ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.