കൂത്തുപറമ്പ്: കണ്ണൂർ-ഇരിട്ടി, തലശ്ശേരി-ഇരിട്ടി റൂട്ടുകളിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ യാത്രാദുരിതം. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ബുധനാഴ്ച ഉച്ചയോടെ പണിമുടക്ക് പിൻവലിച്ചു. ചൊവ്വാഴ്ച രാവിലെ മുതലാണ് തലശ്ശേരി-ഇരിട്ടി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാത്രി സ്വകാര്യ ബസ് കണ്ടക്ടറെ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽവെച്ച് മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ചൊവ്വാഴ്ച വൈകീട്ട് ഇതുസംബന്ധിച്ച് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ ചർച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതേത്തുടർന്ന് ഇരിട്ടി-കണ്ണൂർ, കൂത്തുപറമ്പ്-നിടുംപൊയിൽ, കൂത്തുപറമ്പ്-പാനൂർ റൂട്ടുകളിലും ജീവനക്കാർ ബസ് സർവിസ് നിർത്തിവെച്ചു. ഇതിനിടയിൽ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകരായ ഏഴു വിദ്യാർഥികളുടെ പേരിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. സമരം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചയോടെ കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഇരുവിഭാഗത്തെയും ചർച്ചക്കു വിളിച്ചത്. ബസ് ജീവനക്കാരെ ആക്രമിച്ചവർക്കെതിരെയും വിദ്യാർഥിയുടെ പരാതിയിലും ശക്തമായ വകുപ്പുകൾ ചുമത്തുമെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ട്രേഡ് യൂനിയൻ ഭാരവാഹികളും വിദ്യാർഥി സംഘടന ഭാരവാഹികളും തൊഴിലാളികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രശ്നത്തിന് പരിഹാരമായതിനെ തുടർന്ന് ഉച്ചയോടെ സർവിസുകൾ പുനരാരംഭിച്ചു. മോട്ടോർ ട്രാൻസ്പോർട്ട് യൂനിയൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി വി.വി. പുരുഷോത്തമൻ, സെക്രട്ടറി എൻ. മോഹനൻ, ട്രഷറർ പി. ചന്ദ്രൻ, ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളായ ഒ. പ്രദീപൻ, കെ. പ്രേമാനന്ദൻ, പി. മുകുന്ദൻ, കെ. ഗംഗാധരൻ, അർഷിത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. രണ്ടുദിവസങ്ങളിലായി നടന്ന ബസ് സമരം ജനങ്ങളെ ദുരിതത്തിലാഴ്ത്തി.
കെ.എസ്.ആർ.ടി.സി ഓടിയെങ്കിലും പര്യാപ്തമായിരുന്നില്ല. വിവിധ ആവശ്യങ്ങൾക്കായി ഇരിട്ടി, തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ ബസ് സ്റ്റാൻഡുകളിലെത്തിയവർ വലഞ്ഞു.
'മിന്നൽപണിമുടക്ക് തടയാൻ കർശന നടപടി സ്വീകരിക്കണം'
കണ്ണൂർ: തലശ്ശേരി-ഇരിട്ടി, കണ്ണൂർ-ഇരിട്ടി റൂട്ടുകളിൽ തുടർച്ചയായി രണ്ടാം ദിവസവും മിന്നൽ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബസുകാർ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്നതും അമിത വേഗതയിൽ മത്സരയോട്ടം നടത്തുന്നതുമെല്ലാം നിത്യകാഴ്ചയാണ്.
വിദ്യാർഥികളും യാത്രക്കാരാണെന്ന പരിഗണനയോടെ ബസ് ജീവനക്കാർ പെരുമാറണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.