സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; റിജില്‍ മാക്കുറ്റിക്ക് മര്‍ദനം VIDEO

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ജയ് ഹിന്ദ് ചാനലിന്റെ റിപ്പോര്‍ട്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു വിശദീകരണ യോഗം. ഹാളിനുള്ളിലേക്ക് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് ഇരച്ചെത്തുകയായിരുന്നു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കള്‍ പൊലീസിനൊപ്പം ചേര്‍ന്ന് മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

ഡി.വൈ.എഫ്.ഐ നേതാക്കളാണ് മര്‍ദിച്ചതെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവുഗുണ്ടകളെപ്പോലെ മര്‍ദിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ അങ്ങനെ പ്രതിഷേധിച്ചിട്ടുണ്ട്. ആ ഡി.വൈ.എഫ്.ഐയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിട്ടതെന്ന് റിജില്‍ മാക്കുറ്റി കുറ്റപ്പെടുത്തി.

പ്രതിഷേധം ആവാമെന്നും എന്നാല്‍ യോഗം നടക്കുന്ന ഹാളുകള്‍ കയ്യേറിയുള്ള പ്രതിഷേധം ജനാധിപത്യപരമല്ലെന്നും മന്ത്രി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.

Tags:    
News Summary - Rijil Makkutty attacked at K rail explanation meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.