കണ്ണൂർ: തെരഞ്ഞെടുപ്പ് നോവുപടർത്തും ഓർമയാണ് സതീശൻ പാച്ചേനിയുടെ ഭാര്യ റീനക്ക്. സതീശൻ പാച്ചേനി ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുമ്പോൾ ഓരോ ഓർമകളും റീനയുടെ മനസ്സിൽ തെളിയുന്നത് വേദനയോടെയാണ്.
‘2019ലെ കണ്ണൂർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു ബൂത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. കെ. സുധാകരൻ നാട്ടിലില്ല. വയനാട്ടിൽ ചികിത്സക്ക് പോയതായിരുന്നു. സതീശേട്ടനാണ് എല്ലാത്തിനും ഓടിയെത്തിയത്. ഏറെ ജാഗ്രതയോടെയാണ് എല്ലാകാര്യങ്ങളും ചെയ്തു തീർത്തത്. ആരുടെ തെരഞ്ഞെടുപ്പായാലും അത് സ്വന്തം പോലെ കരുതിയാണ് പ്രവർത്തനം നടത്തിയിരുന്നത്. രാവിലെ ആറിന് എഴുന്നേറ്റ് തുടങ്ങുന്ന ഓട്ടം രാത്രി ഒരുമണിക്കാണ് അവസാനിക്കുന്നത്. അത്രയും സമയം നമ്മൾ ഉറങ്ങാതെ കാത്തിരിക്കും’ -റീനയുടെ ഓർമകൾക്ക് അതിരുകളില്ല.
ഇപ്പോൾ പത്രങ്ങൾ നോക്കുന്നതു പോലും സങ്കടമാകും. പത്രം കാണുമ്പോൾ പഴയകാല ഓർമകളാണ് തികട്ടി വരുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും വിശ്വസിച്ചുതന്നെയാണ് കഴിയുന്നത്. 2002ലായിരുന്നു ഞങ്ങളുടെ വിവാഹം. എല്ലാ തെരഞ്ഞെടുപ്പിലും കുടുംബത്തെ കൂട്ടിയാണ് പോകാറുള്ളത്. 2006ലെ മലമ്പുഴ നിയമസഭ തെരഞ്ഞെടുപ്പിലും 2009ലെ പാലക്കാട് ലോക്സഭ മത്സരത്തിന്റെ സമയത്തും കുടുംബത്തെ കൂട്ടിയാണ് പോയത്. പാലക്കാട് തെരഞ്ഞെടുപ്പിന്റെ തലേന്ന് പറഞ്ഞിരുന്നു തെരഞ്ഞെടുപ്പിൽ എന്തായാലും നമ്മൾ രക്ഷപ്പെടുമെന്ന്. 10,000 വോട്ടിനെങ്കിലും ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. ജനങ്ങളും നാട്ടുകാരും പ്രവർത്തകരും പറഞ്ഞത് 50,000 വരെ വോട്ടുകൾക്ക് ജയിക്കുമെന്നായിരുന്നു. എന്നാൽ, റിസൾട്ട് വന്നപ്പോൾ ഫലം മറിച്ചായി.
രാഷ്ട്രീയത്തിലെ വലിയ സത്യസന്ധനാകാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇപ്പോഴത്തെ രാഷ്ട്രീയത്തിന് പറ്റിയ നിലപാടല്ല അത്. നിങ്ങളിങ്ങനെ ശ്രീരാമചന്ദ്രനായി നടന്നോ എന്ന് ഞാൻ കളിയാക്കാറുണ്ടായിരുന്നു. എല്ലാവരും തന്നെപ്പോലെ തന്നെയാണെന്നാണ് അദ്ദേഹം കരുതിപ്പോന്നത്. കണ്ണൂർ നിയോജക മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ തോൽവി ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. ഒരിക്കലും തോൽക്കാൻ സാധ്യതയില്ലാത്തിടത്താണ് ഇവിടെ നിന്ന് രണ്ടാമതും തോറ്റത്. രാഷ്ട്രീയത്തിൽ സത്യം വിട്ടുള്ള ഒരു മാർഗവും സ്വീകരിക്കാൻ തയാറായിരുന്നില്ല. ഒരിക്കലും കളവ് പറയാത്ത അദ്ദേഹത്തിന്റെ ഭാര്യയായതും അച്ഛന്റെ മക്കളായതും ഞങ്ങളുടെ അഭിമാനമാണ്.
ഒരു രാഷ്ട്രീയക്കാരനും സതീശേട്ടനെപ്പോലെ കുടുംബം നോക്കിയിട്ടുണ്ടാവില്ല. ചെറിയ ചെറിയ യാത്രകളും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും എപ്പോഴും ശ്രദ്ധിക്കും. എന്നെക്കാളും കൂടുതൽ മക്കളെ ശ്രദ്ധിച്ചിരുന്നത് സതീശേട്ടനായിരുന്നു.
തൃക്കാക്കരയിലാണ് അവസാനമായി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. കുടുംബമില്ലാതെ 25 ദിവസത്തോളം വീട്ടിൽ നിന്നു മാറി നിൽക്കുന്നത് അന്നാണ്. മകൻ ജവഹർ എം.ബി.എ പഠിക്കാനൊരുങ്ങുകയാണ്. മകൾ സാനിയ ട്രിപ്പിൾ ഡിഗ്രി വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.