കണ്ണൂർ: ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ ഇരുപത് വർഷത്തിനിടെ രണ്ടാം കൊലപാതകം. ജീവപര്യന്തം തടവുകാരൻ കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ഞായറാഴ്ച രാത്രി ദുരൂഹസാഹചര്യത്തിൽ മരിച്ചത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ സഹതടവുകാരനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തിലെ ജയിലിൽ നടന്ന ആദ്യ കൊലപാതകത്തിന് 20 വർഷം പൂർത്തിയാകുമ്പോഴാണ് സുരക്ഷാവീഴ്ചയിൽ വീണ്ടും ഒരു ജീവൻകൂടി നഷ്ടമായത്.
2004 ഏപ്രിൽ ആറിന് വൈകീട്ട് ജയിലിൽ സി.പി.എം തടവുകാരും ആർ.എസ്.എസ് -ബി.ജെ.പി തടവുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ ഏഴാം ബ്ലോക്കിന്റെ മുറ്റത്താണ് കോഴിക്കോട് കക്കട്ടിൽ അമ്പലക്കുളങ്ങര കളപ്പുരക്കൽ രവീന്ദ്രൻ (47) കൊല്ലപ്പെട്ടത്. ഇരുമ്പുപട്ട കൊണ്ടുള്ള അടിയാണ് മരണത്തിലേക്ക് നയിച്ചത്. ജയിലിലെ എട്ടാം ബ്ലോക്കിലെ സ്റ്റോര്‍ മുറിയിൽ പ്രതികള്‍ സൂക്ഷിച്ച ആയുധങ്ങളും വേലിയിൽനിന്ന് ഊരിയെടുത്ത ഇരുമ്പുപട്ടയും ഇരുമ്പുവടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിക്കുകയായിരുന്നു രവീന്ദ്രൻ.
സംഭവത്തിൽ വിവിധ കേസില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകാരുമായ 31 പേരായിരുന്നു പ്രതികൾ. 21 പേരെ കോടതി വെറുതെവിടുകയും ഒമ്പത് ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 155 വർഷം പഴക്കമുള്ള ജയിലിൽ സുരക്ഷാഭീഷണിയുണ്ടെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. തടവുകാർ തമ്മിലെ സംഘർഷങ്ങളും ജീവനക്കാരെ കൈയേറ്റം ചെയ്യലും ലഹരി കടത്തും വ്യാപകമായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലെ കെട്ടിടങ്ങൾക്കും മതിലിനും ബലക്ഷയമുണ്ടെന്ന് കാണിച്ച് ജയിൽ സൂപ്രണ്ട് കഴിഞ്ഞമാസം സംസ്ഥാന മനുഷ്യാവകാശ കമീഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2023 ജൂലൈയിൽ കനത്ത മഴയിൽ ജയിലിലെ പ്രധാന മതിൽ തകർന്നു. ഇരുമ്പുപാളി ഉപയോഗിച്ചാണ് താൽക്കാലിക മതിലൊരുക്കിയത്. ആയിരത്തിലേറെ അന്തേവാസികളുടെ കാര്യം നോക്കാൻ മതിയായ ജീവനക്കാരില്ലാത്തതും ഭീഷണിയാണ്. ഇതിൽ എണ്ണൂറോളം ശിക്ഷാതടവുകാരാണ്. ജീവനക്കാരുടെ കുറവുള്ളതിനാൽ പുറം ജോലികൾക്ക് തടവുകാരെ നിയോഗിക്കുകയാണ്.
ഇത്തരത്തിൽ പുറത്തുനിന്ന് പത്രമെടുക്കാൻ പോയ തടവുകാരൻ കൊയ്യോട് ചെമ്പിലോട്ടെ ടി.സി. ഹർഷാദ് കഴിഞ്ഞ ജനുവരിയിൽ രക്ഷപ്പെട്ടിരുന്നു. ഒന്നരമാസത്തിനുശേഷമാണ് ഇയാൾ പിടിയിലായത്. ലഹരി വസ്തുക്കളുടെയും മൊബൈൽ ഫോണിന്റെയും ഉപയോഗം അടക്കം നിരവധി സുരക്ഷാപ്രശ്നങ്ങളാണ് സെൻട്രൽ ജയിലിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.