കണ്ണൂര്‍: ജില്ല പൊലീസ് കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ വിഭജനത്തിനുശേഷം കണ്ണൂര്‍ സിറ്റി പരിധിയിലെ കേസുകളുടെ സ്വഭാവത്തിൽ പ്രകടമായ വ്യത്യാസം.
2020ല്‍ 12,322 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 18,188 കേസുകളാണ്. ഇതിൽ 14,342 കേസുകള്‍ സുമോട്ടോ ആയും രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ഇതിൽതന്നെ 10,163 കെഡോ (കെ.ഇ.ഡി.ഒ) കേസുകളാണ്. 2021 വര്‍ഷത്തില്‍ കേസുകളുടെ വർധന 47.6 ശതമാനമാണ്. 2020 വർഷത്തിൽ തീർപ്പാക്കിയ അന്വേഷണം നടക്കുന്ന കേസുകളുടെ എണ്ണം 10,784 ആയിരുന്നു. 2021 വര്‍ഷത്തില്‍ 14,764 കേസുകളാണ് തീര്‍പ്പായിട്ടുള്ളത്. വർധന 2021ല്‍ 37ശതമാനമാണ്.
കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയില്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ആകെ എണ്ണം 2020ല്‍ 102 ആയിരുന്നത് 2021ൽ 118 കേസുകളായി വർധിച്ചു.
2020 വർഷത്തിൽ തീർപ്പാക്കിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ആകെ എണ്ണം 48 ആയിരുന്ന സ്ഥാനത്ത് 2021ല്‍ അത് 62 കേസുകളായി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ ആകെ എണ്ണം പോക്സോ കേസുകള്‍ 2020ല്‍ 13ഉം 2021ൽ 47 ഉം ആയി വർധിച്ചു. വർധന ശരാശരി 84.61 ശതമാനം. ബലാത്സംഗ കേസുകള്‍ 2020ല്‍ 17. 2021 ഇത് 20 ആയി. (വർധന ശരാശരി 18.18). മറ്റ് കേസുകളിൽ 2020ല്‍ 332ഉം 2021ല്‍ 520ഉം വർധന ഉണ്ടായി. (ശരാശരി 56.62 ശതമാനം)
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യം ഒഴിവാക്കപ്പെട്ടവയില്‍ പോക്സോ കേസുകള്‍ 2020ല്‍ 39ഉം 2021ല്‍ 72ഉം ആയിരുന്നു. ബലാത്സംഗ കേസുകൾ 2020ല്‍ 44 ഉം 2021ല്‍ 36ഉം ആയിരുന്നു. മറ്റ് കേസുകള്‍ 2020ല്‍ 332ഉം 2021ല്‍ 520ഉം ആയിരുന്നു.
ശിക്ഷാവിധിയും കുറ്റവിമുക്തിയും
പോക്സോ കേസുകൾ 2020ല്‍ ആറ് എണ്ണവും 2021ല്‍ 27 എണ്ണവും ആയിരുന്നു. ബലാത്സംഗ കേസുകളില്‍ 2020ല്‍ 16ഉം 2021ല്‍ 14 എണ്ണവും. മറ്റ് കേസുകള്‍ 2020ല്‍ 128ഉം 2021ല്‍ 142ഉം ആയിരുന്നു. പോയ വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും കണ്ടെത്തുകയും ചെയ്ത സ്വത്ത് കേസുകള്‍ 2020ല്‍ റിപ്പോർട്ട് ചെയ്തത് 195ഉം 2021ല്‍ 262ഉം ആയിരുന്നു. പിടികൂടിയത് 2020ല്‍ 123ഉം 2021ല്‍ 184ഉം ആണ്.
2021ല്‍ റിപ്പോർട്ട് ചെയ്ത എൻ.ഡി.പി.എസ് കേസുകളുടെ ആകെ എണ്ണം 93 ആയിരുന്നു. ഇതിൽ 22 കേസുകള്‍ ജാമ്യം ലഭിക്കാത്തവയായിരുന്നു.
2021ലെ പ്രമാദ കേസുകള്‍
ജില്ലയില്‍ നടന്ന മൂന്ന് എ.ടി.എം മോഷണക്കേസുകളും 2021ല്‍ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അന്വേഷണത്തിനിടെ എല്ലാ പ്രതികളെയും ഹരിയാന പൊലീസിന്റെ സഹായത്തോടെ ഹരിയാനയിൽനിന്ന് അറസ്റ്റ് ചെയ്തു. 2021ൽ കണ്ണൂർ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രദ്ധേയമായ മൂന്ന് മോഷണക്കേസുകളും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ തെളിയിക്കപ്പെട്ടു.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വാരത്ത് സെപ്റ്റംബര്‍ 23ന് വീട്ടില്‍ തനിച്ചു താമസിച്ചുവരുകയായിരുന്ന പ്രായമായ സ്ത്രീ മോഷണത്തിനിടെയുള്ള ആക്രമണത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി.
പിടികൂടിയത് വൻലഹരി സാധനങ്ങൾ
93 കേസുകളിലായി 43.289 കിലോ കഞ്ചാവ്, 70 കഞ്ചാവ് ബീഡി, 55.1476 ഗ്രാം ഹാഷിഷ് ഓയിൽ, 21.2923 ഗ്രാം എം.ഡി.എം.എ എന്നിവ കണ്ണൂര്‍ സിറ്റി പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം പിടികൂടിയിട്ടുണ്ട്.
888 അബ്കാരി കേസുകളിലായി 363.161 ലിറ്റർ ഇന്ത്യന്‍ നിർമിത വിദേശ മദ്യവും 19.180 ലിറ്റർ നാടന്‍ ചാരായവും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പിടികൂടിയിട്ടുണ്ട്.
ആയുധ കേസുകൾ എട്ട്
എട്ട് ആയുധ കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഒന്നുവീതം പിസ്റ്റൾ, റിവോൾവര്‍, കൊടുവാൾ, ഹക്സാവ് എന്നിവയും മൂന്ന് നാടന്‍ തോക്കുകള്‍, രണ്ട് വെട്ടുകത്തി, ഏഴ് വാള്, 55 തിരകൾ എന്നിവയും പിടികൂടിയവയിൽപെടും. 34 എക്സ്പ്ലോസിവ് കേസുകളിലായി 26 നാടന്‍ ബോംബ്, ആറ് സ്റ്റീല്‍ ബോംബ്, നാല് ഐസ്ക്രീം ബോംബ്, 1332 ഡിറ്റണേറേറ്ററുകളും ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. 2021ല്‍ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞുപൊട്ടിച്ച കേസുകള്‍ 17 ആണ്. പൊതുജനങ്ങളില്‍നിന്നും വിവരം ലഭിച്ച പ്രകാരം നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയ കേസുകള്‍ 10ഉം രഹസ്യവിവരം ലഭിച്ചു നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയ കേസുകള്‍ നാലുമാണ്.
പൊലീസ് ബോംബ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തിൽ അഞ്ച് കേസുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.