ശ്രീകണ്ഠാപുരം: പലതവണ സർക്കാർ പ്രഖ്യാപിച്ചിട്ടും കശുവണ്ടി-കശുമാങ്ങ സംഭരണം ഇത്തവണയും നടന്നില്ല. ഇതോടെ കർഷക സ്വപ്നങ്ങൾക്ക് കരിനിഴൽ വീണു. ഇത്തവണ കശുവണ്ടി സംഭരണം നടക്കാത്തതിനാൽ സീസൺ തുടക്കത്തിലേ കർഷകർക്ക് മെച്ചപ്പെട്ട വില ലഭിച്ചതുമില്ല. മാങ്ങ സംഭരണമുണ്ടെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല.
മുൻകാലങ്ങളിൽ കശുവണ്ടിക്ക് കി.ഗ്രാമിന് 150 രൂപവരെ തുടക്കത്തിൽ കിട്ടിയിരുന്നു. ഇത്തവണ 110 രൂപയാണ് കശുവണ്ടി സീസൺ തുടക്കത്തിൽ കർഷകർക്ക് ലഭിച്ചത്. ഉൽപാദനക്കുറവും കൂടിയായതോടെ ഇനിയും വിലയിടിക്കുമോയെന്ന ആശങ്കയുണ്ട്. സംഭരണം നടക്കാത്തത് മുതലെടുത്ത് വിലയിടിക്കാൻ ചില കച്ചവട ലോബികൾ നീക്കം നടത്തുന്നുണ്ട്.
കോവിഡും ലോക് ഡൗണും ഉണ്ടാക്കിയ തകർച്ചയിൽനിന്ന് കശുവണ്ടി കർഷകർക്ക് പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് സ്ഥിതി. അന്ന് കടകളിൽ കശുവണ്ടി വാങ്ങാത്തതിനാൽ ഒടുവിൽ സർക്കാർ ഇടപെട്ട് സഹകരണ ബാങ്കുകൾ വഴി 80- 90 രൂപക്ക് കശുവണ്ടി ശേഖരിക്കുകയാണുണ്ടായത്.
ഇത്തവണയെങ്കിലും കശുവണ്ടി -കശുമാങ്ങ സംഭരണ കേന്ദ്രങ്ങൾ തുറന്ന് നല്ല വില നൽകി കർഷക രക്ഷക്ക് വഴിയൊരുക്കുമെന്ന് കരുതിയെങ്കിലും എല്ലാം ജലരേഖയാവുകയായിരുന്നു. കർഷകർക്ക് കിലോക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്.
ക്രമേണ വില കൂട്ടി നൽകാനും ധാരണയുണ്ടായിരുന്നു. കശുമാങ്ങയിൽ നിന്ന് ജ്യൂസ്, സ്ക്വാഷ്, ഫെനി, അച്ചാറുകൾ, മറ്റ് വിവിധ ഉൽപന്നങ്ങൾ എന്നിവയുണ്ടാക്കി കുടുംബശ്രീ മുഖേനയും മറ്റും വിൽപന നടത്താനായിരുന്നു തീരുമാനം.
ഇത് കർഷകർക്ക് വൻ പ്രതീക്ഷയും നൽകി. കൂടാതെ ഗോവൻ മാതൃകയിൽ കശുമാങ്ങയിൽനിന്ന് ഫെനി മദ്യം ഉൽപാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ച് ഉത്തരവുമിറക്കിയിരുന്നു. എന്നാൽ, എക്സൈസ് വകുപ്പ് അനുമതി വൈകിപ്പിക്കുകയാണുണ്ടായത്.
ജില്ലയിൽ പയ്യാവൂർ സഹകരണ ബാങ്ക് നൽകിയ നിവേദനത്തിലായിരുന്നു ഫെനി ഉൽപാദിപ്പിക്കാൻ സർക്കാർ ധാരണയിലെത്തിയത്. ബാങ്കിനു കീഴിൽ അതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇനി അത് നടക്കുമോയെന്ന് കണ്ടറിയേണ്ട സ്ഥിതിയാണ്. നിലവിൽ ലോഡുകണക്കിന് കശുമാങ്ങയാണ് തോട്ടങ്ങളിൽ നശിക്കുന്നത്. ചിലയിടങ്ങളിൽ ചാരായ നിർമാണത്തിനും മറ്റും കശുമാങ്ങ ശേഖരിക്കുന്നവരുണ്ട്.
കശുമാങ്ങ ശേഖരണത്തിനും സംസ്കരണത്തിനുമായി നിരവധിയാളുകൾക്ക് തൊഴിൽ നൽകാനും സാധിക്കും. നേരത്തേ നാടുകാണി പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു സമീപം കൂർഗ് റോഡരികിൽ കശുമാങ്ങ ജ്യൂസും സ്ക്വാഷും വിൽപന നടത്തുന്ന കേന്ദ്രം തുറന്നെങ്കിലും കോവിഡ് കാലത്ത് നിർത്തി.
കശുമാങ്ങ സ്ക്വാഷ് 500 മില്ലിക്ക് 100 രൂപയും ഗ്ലാസ് ജ്യൂസിന് 20 രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കശുമാങ്ങ സംസ്കരണ കേന്ദ്രങ്ങളും ഉൽപന്ന നിർമാണ വിതരണ കേന്ദ്രങ്ങളും തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
സംസ്ഥാനത്ത് മികച്ച കശുവണ്ടി ഉൽപാദനം നടക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര ഗ്രാമങ്ങളിൽ കശുമാങ്ങ ശേഖരണ -സംസ്കരണ കേന്ദ്രങ്ങൾ വേഗത്തിൽ തുടങ്ങണമെന്ന് കർഷകസംഘടനകൾ വീണ്ടും സർക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.