ശ്രീകണ്ഠപുരം: 2003 ഫെബ്രുവരി 19ന് വയനാട് മുത്തങ്ങയിൽ സമരത്തിനിടെ പൊലീസുകാരനും ആദിവാസിയും കൊല്ലപ്പെട്ടപ്പോൾ അവിടെ ഒറ്റയാനായി ഓടിയെത്തി പി.ടി. തോമസ്. കോൺഗ്രസ് നേതൃത്വമോ അണികളോ അറിയാതെയാണ് പി.ടി എത്തിയതെന്നതും ശ്രദ്ധേയം. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനാണ് ഈ മനുഷ്യൻ അന്ന് ഓടിയെത്തിയത്. കണ്ണൂർ ജില്ലയിലെ ചെങ്ങളായി കൊയ്യം കീയച്ചാലിലെ കെ.വി. വിനോദാണ് കൊല്ലപ്പെട്ട പൊലീസുകാരൻ.
മൃതദേഹം വീട്ടിലെത്തുമ്പോഴേക്കും കണ്ണൂരുമായി അന്ന് വലിയ ബന്ധമില്ലാതിരുന്നിട്ടുകൂടി പി.ടി. തോമസ് ബസ് യാത്രചെയ്ത് എത്തുകയായിരുന്നു. ആൾക്കൂട്ടത്തിലൊരുവനായിനിന്ന പി.ടി പലരുടെയും സംഭാഷണങ്ങൾക്ക് കാതോർക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അപ്പോഴൊന്നും പി.ടി. തോമസാണ് ഇതെന്ന് ആർക്കും മനസ്സിലായില്ല. കുടുംബത്തെ ആശ്വസിപ്പിച്ച് തിരികെ ബസ് കയറാനെത്തിയപ്പോഴാണ് ചിലർ തിരിച്ചറിഞ്ഞത്.
നിലവിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗവും ഡി.സി.സി സെക്രട്ടറിയുമായ കൊയ്യം ജനാർദനനും കുറച്ച് പ്രവർത്തകരും എത്തി കുശലാന്വേഷണം നടത്തുകയും ചെയ്തു. തൊട്ടടുത്ത ബസിൽ തളിപ്പറമ്പിലേക്ക് കയറിയ അദ്ദേഹം പിന്നീട് കണ്ണൂരിൽ ചെന്ന് നാട്ടിലേക്കു മടങ്ങിയെന്ന് കൊയ്യം ജനാർദനൻ 'മാധ്യമ'ത്തോട് പറഞ്ഞു.
പി.ടി വിട വാങ്ങിയപ്പോൾ മലയോരത്തെയും ജില്ലയിലെയും ആളുകൾക്ക് ഇത്തരം ഓർമകളാണ് പറയാനുണ്ടായിരുന്നത്. കാര്യങ്ങൾ കണ്ടറിഞ്ഞ് പഠിക്കാനും അവതരിപ്പിക്കാനും പി.ടി. തോമസിനുള്ള കഴിവിെൻറ മറ്റൊരു തെളിവു കൂടിയാണ് ഇത്തരം സംഭവങ്ങൾ. അന്ന് പി.ടി. തോമസ് വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം മടങ്ങിപ്പോയശേഷം ഏറെ വൈകി മാത്രമാണ്, വന്നത് പി.ടിയാണെന്ന് മനസ്സിലായതെന്ന് വിനോദിെൻറ സഹോദരനും നിലവിൽ പരിയാരം പൊലീസ് സർക്കിൾ ഇൻസ്പെക്ടറുമായ കെ.വി. ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.