ശ്രീകണ്ഠപുരം: പയ്യാവൂർ-ഉളിക്കൽ റോഡിൽ മുണ്ടാനൂർ എസ്റ്റേറ്റിന് സമീപം പുഴയിലേക്കിടിഞ്ഞ മലയോര ഹൈവേ പൂർവസ്ഥിതിയിലാക്കുന്നത് വൈകുന്നു. റോഡ് പിളർന്ന് വൻ അപകടക്കെണിയായതിനാൽ വലിയ വാഹനങ്ങൾ ഇതുവഴി പോകുന്നത് അപകടം വിളിച്ചുവരുത്തുകയാണ്.
നിരവധി ചെറുവാഹനങ്ങൾ ഇതുവഴി അരികുചേർന്ന് രാത്രികാലങ്ങളിലടക്കം പോകുന്നുണ്ട്. മീറ്ററുകളോളം നീളത്തിൽ റോഡ് പിളർന്ന് പുഴഭാഗത്തേക്ക് തെന്നിമാറിയ നിലയിലാണ്. മൂന്നു വർഷമായി കാലവർഷം കനക്കുമ്പോൾ റോഡ് തകരുന്നതും പുഴയോരം ഇടിയുന്നതും പതിവാണ്. മലവെള്ളപ്പാച്ചിലിൽ മലയോര ഹൈവേയിൽ മുണ്ടാന്നൂരിനും തോണിക്കടവിനും ഇടയിലാണ് പുഴ റോഡിനെ കവരുന്നത്.
എന്നിട്ടും അധികൃതർ ഈ ഭാഗം ശാസ്ത്രീയമായി ബലപ്പെടുത്താൻ തയാറായിട്ടില്ല. ഇനിയും ഇടിഞ്ഞാൽ റോഡിന് സമീപത്തെ വൈദ്യുതി തൂണും ബസ് ഷെൽട്ടറും ഏതുനിമിഷവും അപ്രത്യക്ഷമായേക്കുമെന്ന അവസ്ഥയുണ്ട്.
റോഡ് ബലപ്പെടുത്തി പഴയ സ്ഥിതിയാക്കാതെ വലിയ വാഹനങ്ങളുടെ ഗതാഗതം അനുവദിക്കരുതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപകടത്തെ തുടർന്ന് പയ്യാവൂർ ഭാഗത്തുനിന്ന് ഉളിക്കൽ-ഇരിട്ടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ചമതച്ചാൽ-വാതിൽമട-മുണ്ടാനൂർ വഴിയാണ് കടത്തിവിട്ടിരുന്നത്.
ബദൽമാർഗമായ റോഡിന് വീതി കുറവും വളവും ഉള്ളതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി എളുപ്പത്തിൽ പോകാനാവില്ല. വേഗത്തിൽ പണി നടത്തി മലയോര ഹൈവേയിൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.