ശ്രീകണ്ഠപുരം: റബര്‍ ഷീറ്റുകള്‍ കവര്‍ന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവേ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട സംഘത്തിലെ പ്രധാനിയെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. വളക്കൈ കൊയ്യം സ്വദേശി കൈപ്പക്കണ്ടി മുനീറിനെയാണ് (43) ശ്രീകണ്ഠപുരം എസ്.ഐ കെ.വി. രഘുനാഥ് അറസ്റ്റ് ചെയ്തത്.
കൂട്ടാളി ഇരിക്കൂര്‍ പൈസായിയിലെ താന്നിക്കല്‍ ബിനോയിയെ പിടികിട്ടാനുണ്ട്. ഇയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ജനുവരി 16ന് പുലര്‍ച്ചയാണ് കോട്ടൂര്‍ രാജീവ്ഗാന്ധി ആശുപത്രിക്ക് സമീപത്തെ റോഡില്‍ കെ.എല്‍ 13 ഡി 1143 നമ്പര്‍ മാരുതി കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
വാഹനം പൊലീസ് പരിശോധിച്ചപ്പോള്‍ അതിനകത്ത് റബര്‍ ഷീറ്റുകള്‍ കാണപ്പെട്ടു. അന്നത്തെ എസ്.ഐ പവിത്രെൻറ നേതൃത്വത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് കാര്‍ സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോള്‍ 157 റബര്‍ ഷീറ്റുകളും കട്ടറും കത്തിയും ഉള്‍പ്പെടെ കവര്‍ച്ചക്കുള്ള ആയുധങ്ങളും കാറിനകത്ത് കാണപ്പെട്ടു.
ഇതോടെ മോഷണസംഘമാണ് ഇതിനു പിറകിലെന്ന് വ്യക്തമായി. കാറിെൻറ ആര്.സി പരിശോധിച്ചപ്പോള്‍ തലശ്ശേരി സ്വദേശിയാണ് ഉടമയെന്ന് വ്യക്തമായി. വയനാട് സ്വദേശി റോഷന് എന്ന് വിളിക്കുന്ന റോഷ് ഫ്രാന്‍സിസാണ് കാര്‍ ഉപയോഗിക്കുന്നതെന്ന് പിന്നീട് കണ്ടെത്തി. ഇയാള്‍ വാങ്ങിച്ചതാണ് കാറെങ്കിലും ആര്.സിയുടെ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല.
നിരീക്ഷണ കാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെക്കുറിച്ച് പൊലീസ് തെളിവ് ശേഖരിക്കുകയും ചെയ്തു. കോട്ടൂർ ആവണക്കോലിൽ ഒരു വീടിെൻറ നിർമാണ പ്രവൃത്തിയുടെ കരാറുകാരനായിരുന്നു റോഷ്. ഇയാളുടെ കീഴില്‍ ജോലിചെയ്യുകയായിരുന്നു മുനീറും ബിനോയിയും. സംഭവ ദിവസം ജോലി കഴിയുമ്പോള്‍ വൈകിയതിനാല്‍ വീട്ടില്‍ പോകാനെന്നുപറഞ്ഞാണ് ഇവര്‍ റോഷില്‍ നിന്ന് കാര്‍ വാങ്ങിച്ചത്.
മുനീര്‍ കുപ്രസിദ്ധ മോഷ്ടാവാണ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. മുനീറിനെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു. എ.എസ്.ഐ അബ്ദുൽ റഹ്മാനും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.