ശ്രീകണ്ഠപുരം: വീണ്ടും കാലവർഷം എത്തുമ്പോൾ ചെങ്ങളായി തേർളായി ദ്വീപുകാർക്ക് ആധിയാണ്. കരയെ പുഴ കവരാനെത്തുന്നതാണ് ഇവിടുത്തുകാരെ സങ്കടത്തിലാക്കുന്നത്. മുൻ കാലങ്ങളിലേതിനെക്കാൾ വേഗത്തിലാണ് നിലവിൽ കരയിടിയുന്നത്.
സംരക്ഷണ ഭിത്തി ഒരുക്കാത്ത ദ്വീപിന്റെ ഭാഗങ്ങളിലാണ് കരയിടിയുന്നത്. ഇവിടത്തെ മണ്ണും തെങ്ങും മറ്റ് മരങ്ങളുമെല്ലാം പുഴയെടുത്തു. കരയിടിഞ്ഞ് പുഴയോരത്തെ വീടുകളടക്കം അപകടാവസ്ഥയിലാണ്.
വീട്ടുകാർ അന്തിയുറങ്ങുന്നത് ഭീതിയോടെയാണ്. വീടുകളും പുഴയെടുക്കാനൊരുങ്ങുമ്പോൾ ഇനിയെന്ത് ചെയ്യുമെന്ന് ദ്വീപ് നിവാസികൾ ചോദിക്കുന്നു. ചെങ്ങളായി പഞ്ചായത്തിലെ 198 ഹെക്ടർ വിസ്തീർണ്ണമുള്ള പ്രകൃതി രമണീയമായ തേർലായി ദ്വീപിനെ നാലു ഭാഗവും ചുറ്റി നിൽക്കുന്നത് വളപട്ടണം പുഴയാണ്. ഈ പുഴയറിയാതെ തേർലായി നിവാസികൾ പുറത്തിറങ്ങില്ല. സങ്കടവും സന്തോഷവുമെല്ലാം പങ്കുവെക്കാൻ ഈ ദ്വീപുകാർ പുഴയെ ആശ്രയിക്കും. മാലിന്യം വലിച്ചെറിയാതെ സംരക്ഷിച്ചിട്ടും വളപട്ടണം പുഴ മഴക്കാലത്ത് കരകവിഞ്ഞ് മാലിന്യങ്ങളുമായി ദ്വീപിലെത്തുന്നുവെന്ന് ഇവിടുത്തുകാർ സങ്കടത്തോടെ പറയുന്നു. 130 ഓളം കുടുംബങ്ങൾ കഴിയുന്ന തേർലായി ദ്വീപ് കരയിടിച്ചിലിലും വെള്ളപ്പൊക്കത്തിലുംപെട്ട് നാശത്തിന്റെ വക്കിലായതോടെയാണ് പുഴ ഭിത്തിയെന്ന ആവശ്യം ശക്തമായത്. നാലുഭാഗവും ഒരുപോലെ കരയിടിഞ്ഞുകൊണ്ടിരിക്കുന്ന ഏക ദ്വീപ് ഇതാണ്. കഴിഞ്ഞ പ്രളയക്കെടുതിയിൽ എല്ലാം പുഴ കവർന്നപ്പോൾ സങ്കടവും ആശങ്കയുമായി കഴിയുകയായിരുന്നു ദ്വീപ് നിവാസികൾ. ഇനിയും പ്രളയമുണ്ടായാൽ ദ്വീപ് രണ്ടായി വിഭജിക്കപ്പെടുമെന്ന സ്ഥിതിയാണുള്ളത്. പുറമ്പോക്കു ഭൂമിയും സ്വകാര്യ വ്യക്തികളുടെ പറമ്പും ഉൾപ്പെടെ ഇവിടെ പുഴ കവർന്നിരിക്കയാണ്. 2005ൽ തേർത്തല ഭാഗത്തു നിന്നും തേർളായി ദ്വീപിലേക്ക് പാലം വന്നതോടെ തോണിയാത്ര മൂന്ന് ഭാഗത്തു മാത്രമായി. നിലവിൽ മയ്യിൽ കണ്ടക്കൈ ഭാഗത്തും കുറുമാത്തൂരിലും പെരിന്തലേരി ബോട്ടുകടവ് ഭാഗത്തും എത്തേണ്ടവർ തോണിയാണ് ആശ്രയിക്കുന്നത്. 2019ലെ പ്രളയത്തിൽ ദ്വീപ് രണ്ട് ദിവസത്തോളം പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്നു. കുടുംബങ്ങളെ കുറുമാത്തൂരിലും ബന്ധുവീടുകളിലുമാണ് അന്ന് മാറ്റിപ്പാർപ്പിച്ചിരുന്നത്.
കഴിഞ്ഞ വർഷവും പലയിടങ്ങളിലും വെള്ളം കയറി നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചിരുന്നു. കരയിടിച്ചിലിനെ തുടർന്ന് നേരത്തെ ദ്വീപിന്റെ കുറുമാത്തൂർ ഭാഗത്ത് പുൾക്കാടികടവ് മുതൽ ചിറമ്മൽ കടവ് വരെ 220 മീറ്റർ നീളത്തിൽ കരഭിത്തി നിർമിച്ചു. പുഴ സംരക്ഷണ പദ്ധതിയിൽ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് അന്ന് ഇവിടെ ഭിത്തി നിർമിച്ചത്. പിന്നീട് കെ.സി. ജോസഫ് എം.എൽ.എ ഇടപെട്ട് സംരക്ഷണ ഭിത്തി കെട്ടാനായി ജലസേചന വകുപ്പിൽനിന്ന് 1.20 കോടി രൂപ ലഭ്യമാക്കിയിരുന്നു. ഈ തുക ഉപയോഗിച്ച് പാലംകടവ് മുതൽ മൊയ്തീൻ പള്ളി കടവ് വരെയും മാധവി കടവ് ഭാഗത്തും സംരക്ഷണ ഭിത്തി ഒരുക്കി. ഇനി മോലത്തുംകടവ്, കുനിമ്മൽ കടവ്, ഓട്ടുവളപ്പ് കടവ് ഉൾപ്പെടെ കരിയിടിച്ചിൽ രൂക്ഷമായ ഒരു കിലോമീറ്റർ വരുന്ന അഞ്ച് ഭാഗങ്ങളിൽ കൂടി സംരക്ഷണ ഭിത്തി ഒരുക്കേണ്ടതുണ്ട്. കരയിടിഞ്ഞ ഭാഗങ്ങളിൽ ഭിത്തി നിർമിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡംഗം മൂസാൻ കുട്ടി തേർളായി മുഖ്യമന്ത്രിക്കും സജീവ് ജോസഫ് എം.എൽ.എക്കും നിവേദനം നൽകിയിരുന്നു.
തുടർന്ന് ഇതിനെല്ലാംകൂടി അഞ്ച് കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. എന്നാൽ ഇതുവരെ ഭരണാനുമതിയായിട്ടില്ല. നിലവിൽ ദ്വീപിൽ ഏറ്റവും കൂടുതൽ കരയിടിഞ്ഞത് തേർലായി ശിവക്ഷേത്രത്തിന് താഴെ മോലത്തുംകടവിലാണ്. കരയിടച്ചലിനെ തുടർന്ന് ദ്വീപിന്റെ വിസ്തൃതി തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ദ്വീപിന് ചുറ്റും പുഴയോരത്ത് കരിങ്കൽഭിത്തി പണിയുകയല്ലാതെ കരയിടിച്ചിലിന് മറ്റൊരു പരിഹാരവുമില്ലെന്ന് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.
ചെങ്ങളായി പഞ്ചായത്തിലെ പ്രകൃതി രമണീയമായ തേർലായി ദ്വീപിന് കരിങ്കൽ ഭിത്തിയൊരുക്കി സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി കൂട്ടായ്മ രംഗത്തുവന്നു. തളിപ്പറമ്പ കരിമ്പം കേയി സാഹിബ് ട്രെയിനിങ് കോളജ് എൻ.എസ്.എസ് വളന്റിയർമാരാണ് തേർലായിലെത്തി പ്രതീകാത്മക മനുഷ്യ മതിൽ തീർത്തത്. ദ്വീപിനടുത്ത് കുറുമാത്തൂരിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് നടക്കുന്നുണ്ട്.
അവിടെയെത്തിയപ്പോഴാണ് ദ്വീപിന്റെ വശ്യസൗന്ദര്യവും അവിടുത്തുകാർ അനുഭവിക്കുന്ന കരയിടിച്ചിലിന്റെ ദുരിതവും വിദ്യാർത്ഥികൾ കേട്ടറിഞ്ഞത്. തുടർന്നാണ് ദ്വീപിലെത്തി കാര്യങ്ങൾ മനസിലാക്കി അവർക്ക് പിന്തുണയറിയിച്ചത്. വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽകൊണ്ടുവരുന്നതിന് വേണ്ടിയാണ് വളന്റിയർമാർ പ്രതീകാത്മക മനുഷ്യ മതിൽ പണിതത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.പി കാസിം, ഡോ.ഷരീഫ നൗഫിന, സി.പി ആലിപ്പി, ചെങ്ങളായി പഞ്ചായത്തംഗം മൂസാൻകുട്ടി തേർലായി, എൻ.എസ്.എസ് അംഗങ്ങളായ ശ്രീതു രാജ്, വിഷ്ണു, പ്രണവ്, അർജുൻ, മിർസബ്, ഫാത്തിമ ഷദ, നയിമ പർവീൻ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.