ശ്രീകണ്ഠപുരം: യു.ഡി.എഫിന്റെ കുത്തകയായിരുന്ന നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിന്റെ മധുവിധുമാറും മുമ്പേ എൽ.ഡി.എഫിന് നഷ്ടവഴി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രേഖ രഞ്ജിത്തും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സെബാസ്റ്റ്യൻ വിലങ്ങോലിലും സെക്രട്ടറിക്ക് ബുധനാഴ്ച നാടകീയമായി രാജിക്കത്ത് നൽകിയതാണ് നടുവിൽ പഞ്ചായത്തിൽ ഭരണ അട്ടിമറിക്ക് വഴിയൊരുക്കിയത്.
കോൺഗ്രസിലേക്ക് തിരികെ പോകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവരുടെ രാജി. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ പ്രസിഡൻറ് സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നഷ്ടപ്പെടാനിടയാക്കിയത്.പ്രസിഡൻറ് ബേബി ഓടംപള്ളിൽ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് അംഗങ്ങൾ എൽ.ഡി.എഫുമായി ചേർന്ന് ഭരണത്തിലെത്തുകയായിരുന്നു.
നേരത്തെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്ന വൈസ് പ്രസിഡൻറ് രേഖ രഞ്ജിത്ത് സ്വതന്ത്രയായി മത്സരിച്ചാണ് വിളക്കണ്ണൂർ വാർഡിൽനിന്ന് വിജയിച്ചത്. ഇവരുടെ പിന്തുണയും എൽ.ഡി.എഫിന് ലഭിച്ചു.19 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഏഴ് അംഗങ്ങളാണ് ഉള്ളത്. വിമത അംഗങ്ങൾക്ക് പുറത്തുനിന്ന് പിന്തുണ നൽകിയാണ് നടുവിൽ ഭരണം എൽ.ഡി.എഫ് പാളയത്തിലെത്തിച്ചത്. അതിനിടെയാണ് ഇരുവരുടെയും രാജി.
കോൺഗ്രസിൽ തിരിച്ചെടുക്കാമെന്ന ഉറപ്പ് ഇവർക്ക് ഡി.സി.സിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രസിഡൻറ് ബേബി ഓടംപള്ളിലും മറ്റൊരു സ്ഥിരംസമിതി അധ്യക്ഷയായ ലിസി ജോസഫും രാജിവെച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇരുവരും തൊട്ടടുത്ത ദിവസങ്ങളിൽ രാജി നൽകുമെന്നാണ് സൂചന. ചെറിയൊരു കാലയളവൊഴിച്ചാൽ പഞ്ചായത്ത് രൂപവത്കരണ കാലം മുതൽ യു.ഡി.എഫ് മാത്രമാണ് നടുവിൽ പഞ്ചായത്ത് ഭരിച്ചിട്ടുള്ളത്. പഞ്ചായത്ത് ഭരണം കൈവിട്ടു പോയത് ജില്ലയിൽതന്നെ കോൺഗ്രസിനും യു.ഡി.എഫിനും കനത്ത തിരിച്ചടിയായി മാറിയിരുന്നു.
ഡി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെയാണ് ബേബി ഓടംപള്ളിൽ കോൺഗ്രസ് വിട്ട് സി.പി.എം പിന്തുണയോടെ പ്രസിഡൻറായത്. യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ ഇരിക്കൂറിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ഗ്രൂപ്പുകളിയെ തുടർന്ന് വർഷങ്ങളായുള്ള പാരമ്പര്യം കളഞ്ഞ് നടുവിൽ പഞ്ചായത്ത് ഇടതുപാളയത്തിലെത്തിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിടുമ്പോഴേക്കും കോൺഗ്രസ് തന്ത്രം മെനഞ്ഞ് പഞ്ചായത്ത് തിരിച്ചുപിടിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു. ഇടതുകേന്ദ്രങ്ങളിൽ ഇത് ഞെട്ടലുണ്ടാക്കിയതിനുപിന്നാലെ വലതുപാളയത്തിൽ ആഹ്ലാദത്തിനും വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.