കണ്ണൂർ: തെരുവുനായ്ക്കളുടെ ആക്രമണം അവസാനിപ്പിക്കുന്നതിനാവശ്യമായ സത്വര നടപടികൾ സ്വീകരിച്ചശേഷം ജൂലൈ 11ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നിർദേശം നൽകി.
ഒമ്പതുവയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ബുധനാഴ്ച കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം കേട്ടു.
ആക്രമണകാരികളായ തെരുവുനായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റുന്നതിന് നടപടികൾ തുടങ്ങിയതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. 36 തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാൻ നടപടിയെടുത്തതായും സെക്രട്ടറി പറഞ്ഞു. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെന്നും സെക്രട്ടറി അറിയിച്ചു.
ഒമ്പത് വയസ്സുകാരിയെ തെരുവുനായ്ക്കൾ ആക്രമിച്ചതുപോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സത്വരവും കാര്യക്ഷമവുമായ നടപടികൾ സ്വീകരിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കണ്ണൂർ: അക്രമണകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്തുന്നതിന് അനുവാദം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഓഫിസില്‍ കയറി കുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശമയച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അസോസിയേഷന് ജില്ല പ്രസിഡന്റ് എം. ശ്രീധരന് ആവശ്യപ്പെട്ടു.
ജില്ല പഞ്ചായത്ത് നേതൃത്വത്തില്‍ എ.ബി.സി സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ പ്രവര്‍ത്തനം കൊണ്ടു മാത്രം ആക്രമണകാരികളായ നായ്ക്കളുടെ കടിയേല്‍ക്കുന്നതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മനുഷ്യജീവന് വിലകല്പിച്ചു കൊണ്ടാണ് നിയമ നടപടിക്കായി ജില്ല പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്.
ഇതിന്റെ പേരില്‍ ജനപ്രതിനിധികള്‍ക്ക് നേരെ ഭീഷണിയുമായി വരുന്നത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അസോസിസേഷന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍: കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് വാട്സ്ആപ്പിൽ വധഭീഷണി. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യമുയർത്തിയതിനെത്തുടർന്ന് മൃഗസ്നേഹികളുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് വധഭീഷണി ഉയർന്നത്. ഗ്രൂപ്പില്‍ വന്ന സ്ത്രീയുടെ ശബ്ദ സന്ദേശമാണ് പരാതിക്കിടയാക്കിയത്.
‘ഇവരെ കൊല്ലാനുള്ള ദേഷ്യം വരുന്നുണ്ട്. എന്റെ പിള്ളാരെ വിചാരിച്ച് മാത്രമാണ് അവരെ കൊല്ലാത്തത്. അല്ലെങ്കില്‍ ജില്ല പഞ്ചായത്ത് ഓഫിസില്‍ കയറിച്ചെന്ന് അവളെ കുത്തിക്കൊന്നേനെ. അത്രക്ക് ദേഷ്യം വരുന്നുണ്ട്’ എന്നിങ്ങനെയാണ് സന്ദേശം.
ജൂൺ 11ന് മുഴപ്പിലങ്ങാട് നിഹാൽ എന്ന സംസാര ശേഷിയില്ലാത്ത പതിനൊന്നു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊല്ലുകയും തിങ്കളാഴ്ച ജാൻവിയ എന്ന എട്ടുവയസുകാരിയെ നായ്ക്കൾ കടിച്ചുകീറിയ സംഭവവുമുണ്ടായിരുന്നു. തുടർന്ന് ആക്രമണകാരികളായ തെരുവുനായകളെ ദയാവധത്തിനിരയാക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു.
രണ്ടു ദിവസമായി മൃഗസ്നേഹികളുടെ പേരിൽ ഫോണിലും വാട്സ്ആപ്പിലും നിരന്തരം ഭീഷണി ലഭിക്കുന്നതായി പി.പി. ദിവ്യ പറഞ്ഞു. എന്നാൽ, തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായുള്ള നിയമപോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.പി.പി. ദിവ്യയുടെ പരാതിയിൽ കണ്ണൂർ സ്വദേശിനി ധന്യ സൂശീലനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഫീഡേഴ്സ് ഗ്രൂപ്പ് കേരള എന്ന വാട്സ്ആപ് ഗ്രൂപ്പിലാണ് അസഭ്യവർഷവും കൊലവിളിയുമുണ്ടായത്. സംസ്ഥാനാടിസ്ഥാനത്തിൽ മൃഗസ്നേഹികളുടേതെന്ന പേരിൽ പ്രവർത്തിക്കുന്നതാണ് ഫീഡേഴ്സ് ഗ്രൂപ് കേരള.
കണ്ണൂർ: അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാകാൻ അനുമതി തേടിയുള്ള കണ്ണൂർ ജില്ല പഞ്ചായത്തിന്റെ അപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് നൽകിയത് ആശ്വാസകരമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ.
തെരുവുനായ്ക്കളുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്നു വാക്കാൽ നിരീക്ഷിച്ച സുപ്രീം കോടതി, ജില്ല പഞ്ചായത്തിന്റെ അപേക്ഷയുടെ അടിയന്തിര സ്വഭാവം കണക്കിലെടുത്തും അഭിഭാഷകരുടെ വാക്കാലുള്ള അപേക്ഷ പരിഗണിച്ചുമാണ് ബുധനാഴ്ച എതിർകക്ഷികൾക്ക് നോട്ടീസയച്ചത്.
തെരുവുനായുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിച്ച കാര്യം ജില്ല പഞ്ചായത്തിന്റെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഇത് നിർഭാഗ്യകരമായ സംഭവമാണെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
അക്രമണകാരികളായ തെരുവുനായ്ക്കളെ മാനുഷിക മാർഗങ്ങളിലൂടെ ദയാവധം ചെയ്യാൻ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ സുപ്രീം കോടതിയെ സമീപിച്ചത്. എതിർകക്ഷികളുടെ മറുപടി ലഭിച്ചതിനു ശേഷം ജൂലൈ 12ന് വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. കേസിലെ എല്ലാ എതിർകക്ഷികളോടും ജൂലൈ ഏഴിനകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ, അഡ്വ. എൽ.ആർ. കൃഷ്ണ എന്നിവർ കണ്ണൂർ ജില്ല പഞ്ചായത്തിനുവേണ്ടി സുപ്രീം കോടതി മുൻപാകെ ഹാജരായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും നായ്ക്കൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന തരത്തിൽ തെരുവുനായ്ക്കൾ ആക്രമിച്ചാൽ ദയാവധം ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനു നിയമപോരാട്ടം തുടരുമെന്നും ദിവ്യ പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.