കണ്ണൂർ: തെരുവുനായ് ഭീഷണി മറികടക്കാൻ നഗരസഭ, ബ്ലോക്ക് തലത്തിൽ തിങ്കളാഴ്ച മുതൽ വാക്സിനേഷൻ തുടങ്ങും. ഇതിനായി ബ്ലോക്ക്, നഗരസഭ തലത്തിൽ മൃഗഡോക്ടർ അടങ്ങുന്ന സംഘത്തിനായി പ്രത്യേകം വാഹനം ഏർപ്പാടാക്കും. നായ്പിടിത്തക്കാരെ തദ്ദേശീയമായി കൂലിക്ക് കണ്ടെത്തും.
ഇതുസംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗം ചേർന്നു. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡോഗ് ലവേഴ്‌സ് സംഘടനയുടെ സഹായത്തോടെ തെരുവുനായ്ക്കളെ വാക്‌സിനേഷൻ ചെയ്യുന്ന പ്രവര്‍ത്തനം ബുധനാഴ്ച മുതൽ ജില്ലയില്‍ തുടങ്ങിയിട്ടുണ്ട്. മൂന്നു ദിവസത്തിനിടെ അമ്പതോളം നായ്ക്കൾക്ക് വാക്സിൻ നൽകി.
നായ്ക്കളെ കണ്ടെത്തി പിടികൂടുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മൃഗസ്നേഹികൾ സ്ഥിരമായി ഭക്ഷണവും ചികിത്സയും നൽകുന്ന തെരുവുനായ്ക്കളെ മാത്രമാണ് എളുപ്പത്തിൽ പിടികൂടാനാകുന്നത്. പരിചയമില്ലാത്തവ ഓടിമറയുകയാണ്. നിലവിൽ ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ഒരു വണ്ടിയിലാണ് വാക്സിനേഷൻ സംഘത്തിന്റെ പ്രവർത്തനം.
വരുംദിവസങ്ങളിൽ ഏരിയ തലത്തിൽ പ്രവർത്തനം വിപുലീകരിക്കാനാണ് തീരുമാനം. തെരുവുനായുടെ അക്രമം വ്യാപകമായ പ്രദേശങ്ങളെ ഹോട്സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ നഗരസഭകൾ, നാറാത്ത്, പെരളം, ഇരിക്കൂർ പഞ്ചായത്തുകളിൽ തെരുവുനായ് ആക്രമണം വ്യാപകമാണ്. കീഴ്മാടിൽ മദ്റസ വിദ്യാർഥികളെയടക്കം വെള്ളിയാഴ്ച തെരുവുനായ് ആക്രമിച്ചു.
പ്രാദേശിക തലത്തില്‍ തെരുവുനായ്ക്കള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി വാക്‌സിനേഷന്‍ യജ്ഞം ഊർജിതമാക്കിയാൽ മാത്രമേ വിഷയത്തിൽ പരിഹാരമാകൂ. തെരുവുനായ്ക്കളുടെ വന്ധ്യംകരണം അടുത്തയാഴ്ച തുടങ്ങും. വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടാൻ തയാറായി തദ്ദേശീയരായ 15 പേർ മുന്നോട്ടുവന്നിട്ടുണ്ട്.
വിദഗ്ധ പരിശീലനം ലഭിച്ച അഞ്ചുപേരും സംഘത്തിന്റെ ഭാഗമാകും. ജില്ലയിൽ പ്രതിമാസം ആയിരത്തോളം പേർ നായുടെ കടിയേറ്റും പേവിഷബാധ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടും ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.