കല്യാശ്ശേരി: കല്യാശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ ആയിരത്തിലധികം വിദ്യാർഥികൾ യാത്രാദുരിതത്തിൽ. പുതിയ പാത സ്കൂളിന് മുന്നിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും നിലവിൽ വിദ്യാർഥികൾ സ്കൂളിൽ നിന്നും അര കിലോ മീറ്ററോളം യാത്ര ചെയ്താണ് ബസ് കയറുന്നത്. അവിടെ എത്തിയാലും നിർമാണം നടക്കുന്ന പുതിയ പാത മുറിച്ചു കടക്കുകയെന്നത് വലിയ കടമ്പയാണ്. ഇതേ തുടർന്ന് രാവിലെയും വൈകീട്ടും അധ്യാപകർ കാവൽ നിന്നാണ് വിദ്യാർഥികളെ ഇരുഭാഗത്തും കടത്തുന്നത്.
ദേശീയ പാത അധികൃതർ കനിഞ്ഞാൽ വിദ്യാർഥികൾക്കെല്ലാം ബസ് കയറാനും ഇറങ്ങാനുമുള്ള സൗകര്യം സ്കൂളിന് മുന്നിൽ തന്നെ ഒരുക്കാൻ സാധിക്കുമെന്നാണ് സ്ക്കൂൾ അധ്യാപക രക്ഷാകർത്തൃസമിതി അംഗങ്ങൾ പറയുന്നത്. എന്നാൽ, ഇതൊന്നും ആരും ഗൗനിക്കാത്തതിനാൽ ദുരിതത്തിലാകുന്നത് പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള നിരവധി വിദ്യാർഥികളാണ്.
അശാസ്ത്രീയമായ നിർമാണങ്ങളും ദീർഘവീക്ഷണമില്ലാത്ത വികസനപ്രവൃത്തികളും വിദ്യാർഥികളെ വലക്കുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പ്രധാന പാത അടഞ്ഞതോടെ മാങ്ങാട്ടുപറമ്പിലെ കെൽട്രോൺ കേന്ദ്രീയ വിദ്യാലയത്തിലെ പിഞ്ചു കുട്ടികൾ ഇടുങ്ങിയ വഴിയിലെ ചെളിനിറഞ്ഞ മലിന വെളളക്കെട്ടിലൂടെയാണ് പോകുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഇതേ അവസ്ഥയാണ്.
ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി വിദ്യാലയത്തിന്റെ മുൻഭാഗത്തുണ്ടായിരുന്ന ഗേറ്റ് അടച്ചിട്ടതോടെ നിലവിൽ ആന്തൂർ നഗരസഭ കാര്യാലയത്തിന് സമീപത്തെ ഇട വഴിയിലൂടെയാണ് വിദ്യാർഥികൾ കടന്നു പോകുന്നത്. കോൺക്രീറ്റ് മാലിന്യവും വൈദ്യുതി വകുപ്പിന്റെ തൂണുകൾ നിർമിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തെ മാലിന്യവും തള്ളുന്ന മേഖലയായി ഈവഴി മാറിയിട്ടുണ്ട്. കൂടാതെ കാലവർഷത്തിൽ പ്രദേശത്തെ മഴ വെളളം കുത്തിയൊലിക്കുന്ന ഇടവഴി കൂടിയാണിത്. ഈ വഴിയിലൂടെയാണ് ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള നൂറു കണക്കിന് വിദ്യാർഥികൾ ദനേനെ വരുന്നതും പോകുന്നതും.
പ്രശ്നം ഗുരുതരമായതിനെ തുടർന്ന് കേന്ദ്രീയ വിദ്യാലയ ചെയർമാൻ കൂടിയായ ജില്ല കലക്ടർ ഇടപ്പെട്ട് ആന്തൂർ നഗരസഭയുടെ കീഴിലുള്ള ഇടവഴി അടിയന്തരമായും സഞ്ചാരയോഗ്യമാക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആറ് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഇന്റർ ലോക്ക് ചെയ്യാനും തീരുമാനമെടുത്തതായി നഗരസഭ അധികൃതർ അറിയിച്ചു. ടെൻഡർ നടപടി പൂർത്തിയായ ഉടൻ നിർമാണംനടത്തി നല്ല നടപ്പാതയെങ്കിലും ഒരുക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രീയ വിദ്യാലയത്തിലെ രക്ഷിതാക്കളും വിദ്യാർഥികളും. പ്രശ്നം ഇത്രയും രൂക്ഷമായിട്ടും കേന്ദ്രീയ വിദ്യാലയ അധികൃതർ രക്ഷിതാക്കളുടെ യോഗം പോലും വിളിച്ചു ചേർത്തില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.