കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനം മുതൽ വാർഡ് തലം വരെ വിവിധ ജനകീയ സമിതികളുടെ പങ്കാളിത്തത്തോടെ നടത്തിയ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ സൂപ്പർ ചെക്കിങ് കഴിഞ്ഞപ്പോൾ 71 ഗ്രാമപഞ്ചായത്തുകളിലും ഒമ്പത് നഗരസഭകളിലും ഒരു കോർപറേഷനിലുമായി 4208 അതിദരിദ്ര കുടുംബമാണ് ജില്ലയിലുള്ളത്. 6,96,330 കുടുംബങ്ങളിലായിരുന്നു സർവേ.
ലിസ്റ്റിൽ ഉൾപ്പെട്ട 3,718 കുടുംബങ്ങളുടെ അതിദാരിദ്ര്യ നിർമാർജനത്തിനുള്ള മൈക്രോപ്ലാനുകൾ തയാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ലിസ്റ്റിൽ ഉൾപ്പെട്ട 103പേർ മരണപ്പെട്ടിട്ടുണ്ട്. അതിദരിദ്ര പട്ടിക പ്രകാരം ജില്ലയിൽ ഭക്ഷണം ലഭ്യമാകേണ്ടവർ 375 ആണ്. ചികിത്സ ലഭ്യമാകേണ്ടവർ 457, ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവർ 471, വീട് ആവശ്യമുള്ള ലൈഫ് ലിസ്റ്റിൽ ഉൾപ്പെടാത്തവർ 526 എന്നിങ്ങനെയാണ് കണക്ക്.
ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്ന് കണ്ടെത്തിയ 52 പേരിൽ 37 ആളുകളെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഗ്രാമപഞ്ചായത്തിൽ 28, മുനിസിപ്പാലിറ്റിയിൽ 8, കോർപറേഷനിൽ 2 എന്നിങ്ങനെ 38 അതിദരിദ്രർക്ക് പെൻഷൻ ലഭ്യമാക്കി.
റേഷൻ കാർഡ് ഇല്ലെന്ന് കണ്ടെത്തിയ 289 പേരിൽ 215 പേർക്ക് വിതരണം ചെയ്തു.
ആധാർ കാർഡ് ഇല്ലാത്ത 265ൽ 190 പേർക്കും, വോട്ടർ ഐ.ഡി ഇല്ലാത്ത 1085ൽ 869 പേർക്കും അവ വിതരണം ചെയ്തു.
പരിഹാരം രണ്ടാഴ്ചക്കകം -ടി.ജെ. അരുൺ
(തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടർ)
അടിയന്തരമായി ചെയ്യാവുന്ന സേവനങ്ങളായ റേഷൻ കാർഡ്, ആധാർ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, ഭക്ഷണം, ചികിത്സ തുടങ്ങിയവക്കുള്ള പൂർണ പരിഹാരം രണ്ടാഴ്ചക്കകം പൂർത്തിയാക്കും. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കൽ, പഠന സൗകര്യങ്ങൾ ഒരുക്കൽ, സ്ഥിരമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, വീട്, കക്കൂസ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ ലഭ്യമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.