തലശ്ശേരി: എരഞ്ഞോളിയിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന ക്ലബ് തീയിട്ടു നശിപ്പിച്ചു. എരഞ്ഞോളി കൂളിബസാറിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള യുവപ്രതിഭ ക്ലബിന് ശനിയാഴ്ച അർധരാത്രിയാണ് തീയിട്ടത്. ഓഫിസിനകത്ത് പെട്രോൾ ഒഴിച്ച് തീയിട്ടതായാണ് സംശയിക്കുന്നത്.
സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഓഫിസിനകത്തെ ഫർണിച്ചർ, ടി.വി ഉൾപ്പെടെ സകലതും കത്തിനശിച്ചു. ചുമരിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയ നിലയിലാണ്. ഇത് ഇരന്നു വാങ്ങിയതാണെന്ന് ഓഫിസ് ചുമരിൽ എഴുതിയിട്ടുണ്ട്.
കണ്ണൂർ സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോ, തലശ്ശേരി എ.എസ്.പി വിഷ്ണു പ്രദീപ്, ധർമടം സി.ഐ ടി.പി. സുമേഷ്, എസ്.ഐ കെ. ശ്രീജിത്ത് എന്നിവർ പരിശോധന നടത്തി. സമാധാനം നിലനിൽക്കുന്ന എരഞ്ഞോളി പ്രദേശത്ത് വീണ്ടും ആസൂത്രിത കലാപം ഉണ്ടാക്കാനാണ് സി.പി.എം ശ്രമമെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
അക്രമസംഭവത്തിൽ അദ്ദേഹം പ്രതിഷേധിച്ചു. സംഭവസ്ഥലം സജീവ് മാറോളി, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ, സുശീൽ ചന്ദ്രോത്ത്, എം.പി. സുധീർബാബു, അസീസ് വടക്കുമ്പാട്, എ.കെ. മഹമൂദ്, മനോജ് നാലകണ്ഠത്തിൽ, സി.സി. രാമകൃഷ്ണൻ തുടങ്ങിയവരും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.