തലശ്ശേരി: കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽവെച്ച് തോന്നക്കൽ സ്വദേശിയെ കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച ബസ് ജീവനക്കാരനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ ജില്ല സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ചേലോറ മുണ്ടയാട്ടെ പനക്കൽ വീട്ടിൽ പി. ഹരിഹരനാണ് (48) പ്രതി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ സെക്യൂരിറ്റി ജീവനക്കാരനായ തിരുവനന്തപുരം തോന്നക്കൽ വെറ്റുവിള പി.എസ് ഭവനിൽ സുനിൽകുമാറാണ് (35) കൊല്ലപ്പെട്ടത്. ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരി പോത്താടി വീട്ടിൽ പി. വിനോദ് കുമാറാണ് (52) വധശ്രമത്തിനിരയായത്.
2017 ജനുവരി 24 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. തുണിയിൽ കരിക്ക് കെട്ടിയായിരുന്നു ആക്രമണം. സംഭവത്തിന്റെ രണ്ട് ദിവസം മുമ്പ് പ്രതികളുമായി വാക്കുതർക്കം നടന്നിരുന്നു. ഇതാണ് കൊലക്ക് കാരണമായി സൂചിപ്പിക്കുന്നത്. മംഗളൂരു സ്വദേശി ബി.കെ. അബ്ദുള്ളയും (47) പ്രതിയാണ്. വിചാരണക്കിടയിൽ മുങ്ങിയ അബ്ദുല്ലയുടെ കേസ് പിന്നീട് പരിഗണിക്കും. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത് കുമാറാണ് പ്രോസിക്യൂഷനുവേണ്ടി വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.