പിണറായി പാണ്ട്യാലമുക്കിൽ ആക്രമണത്തിൽ തകർന്ന വീട് പൊലീസ് പരിശോധിക്കുന്നു

വീടിനു നേരെ ആക്രമണം: പിണറായിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി

തലശ്ശേരി: പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകൻ കെ. ഹരിദാസൻ വധക്കേസിൽ പതിനാലാം പ്രതിയായ നിജിൽദാസ് ഒളിവിൽ കഴിഞ്ഞ പിണറായി പാണ്ട്യാലമുക്കിലെ വീട് ബോംബെറിഞ്ഞ് ആക്രമിച്ച സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച രാത്രിയാണ് വീട് ആക്രമിക്കപ്പെട്ടത്.

വീടിന്‍റെ വാതിലും ജനൽചില്ലുകളും അടിച്ചുതകർത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് ഏതാനും വാര അകലത്തിലാണ് ഈ വീട്. പൊലീസ് നിരീക്ഷണം ഏറെയുള്ള പ്രദേശത്ത് ആക്രമണം നടന്നത് പൊലീസ് വീഴ്ചയായി വിലയിരുത്തപ്പെടുകയാണ്. രണ്ട് ബോംബുകൾ പൊട്ടുന്ന ശബ്ദം കേട്ടതായാണ് പരിസരവാസികൾ പൊലീസിന് നൽകിയ വിവരം. സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്നാണ് നിഗമനം. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പിണറായി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവമുണ്ടായ ഉടൻ മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള വഴി പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയുണ്ടായി. മുഖ്യമന്ത്രിയുടെ വീടും ആക്രമണം നടന്ന വീടും കനത്ത പൊലീസ് സുരക്ഷയിലാണ്. തലശ്ശേരി എ.എസ്.പി, കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആക്രമണം നടന്ന വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. ഇതിനിടെ മുഖ്യമന്ത്രിയുടെ നാട്ടിൽ കൊലക്കേസ് പ്രതിയെ രഹസ്യമായി താമസിപ്പിക്കുകയും ഇതേ തുടർന്ന് വീട് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദവും ഉടലെടുത്തിട്ടുണ്ട്. ആക്രമണം വീണ്ടും ആവർത്തിക്കാതിരിക്കാൻ ജാഗ്രത കർശനമാക്കണമെന്ന് പൊലീസ് ഉന്നതങ്ങളിൽനിന്ന് നിർദേശമുണ്ട്. 

Tags:    
News Summary - Police tighten security in Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.