തലശ്ശേരി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ അടച്ചിട്ടതിൽ വലഞ്ഞ് ജനങ്ങൾ. നാല് മാസം മുമ്പാണ് ബൈപാസ് റോഡ് തുറന്നത്. എന്നാൽ ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ പലയിടത്തും തകർന്നു. അറ്റകുറ്റപണികൾക്കായാണ് സർവിസ് റോഡുകൾ അടച്ചിട്ടത്. ചോനാടം ഭാഗത്ത് നിന്നും കൊളശ്ശേരിയിലേക്കുള്ള സർവിസ് റോഡിൽ വൈദ്യുതി ട്രാൻസ്ഫോമർ റോഡിലേക്ക് തള്ളി നിൽക്കുകയാണ്. ഇടുങ്ങിയ റോഡായതിനാൽ വലിയ വാഹനങ്ങൾ ഇവിടെ കുടുങ്ങന്നത് പതിവാണ്. റോഡിന്റെ ഒരു വശത്ത് ഗർത്തം രൂപപ്പെട്ടതും യാത്ര ദുഷ്കരമാക്കി. വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായതോടെയാണ് റോഡ് അനിശ്ചിതമായി അടച്ചിട്ടത്.
കൊളശ്ശേരിയിൽ നിന്നും ബാലം ഭാഗത്തേക്ക് പോകുന്ന സർവിസ് റോഡ് അടച്ചിട്ട് ഒരാഴ്ച പിന്നിട്ടു. 100 മീറ്ററോളം ടാറിങ് ചെയ്യാത്തതിനാൽ കുണ്ടും കുഴിയും രൂപപ്പെട്ട് വാഹനങ്ങളുടെ അടിവശം റോഡിൽ തട്ടുന്ന നിലയിലാണുള്ളത്. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ജില്ല ഭരണാധികാരികളും ബൈപാസ് അധികൃതരും കരാർ കമ്പനി പ്രതിനിധികളും ഇവിടെ സന്ദർശിച്ചിരുന്നു. ഇല്ലത്ത്താഴെ ഭാഗത്ത് നിന്നും പെരിങ്കളത്തേക്ക് പോകുന്ന സർവിസ് റോഡിന്റേതും സമാനസ്ഥിതിയാണ്. ഒരു മാസത്തോളമായി റോഡ് അടച്ചിട്ട്. ബേസ്മെന്റ് പോലുമില്ലാത്ത 100 മീറ്റർ ഭാഗത്ത് വേനൽക്കാലത്ത് പോലും യാത്ര ദുസ്സഹമായിരുന്നു. മഴക്കാലമായതോടെ വാഹനങ്ങൾ ചളിയിൽ തെന്നി അപകടത്തിൽപ്പെടുക പതിവായതിനെത്തുടർന്ന് അടച്ചിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.