Representational image

മയക്കുമരുന്ന് ഹബ്ബായി തലശ്ശേരി?

തലശ്ശേരി: നഗരത്തിൽ വ്യാപക മയക്കുമരുന്ന് വിപണനവും, ഉദ്യാനങ്ങളിലെ ഒളികാമറയിൽ പകർത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതും നഗരസഭ കൗൺസിൽ ചൂടുള്ള ചർച്ചയായി.

സാംസ്കാരിക നഗരമായ തലശ്ശേരിക്ക് അപമാനമാണ് ഇത്തരം സംഭവങ്ങളെന്ന അംഗങ്ങളുടെ മുഖവുരയോടെയാണ് യോഗം തുടങ്ങിയത്. ഇത്തരം നീചമായ പ്രവൃത്തികൾ ഒരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ലെന്നും കുടുംബവുമായി ആളുകൾ എത്തുന്ന നഗരത്തിലെ ഉദ്യാന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും മുസ്‍ലിം ലീഗ് അംഗം ഫൈസൽ പുനത്തിൽ പറഞ്ഞു.

മട്ടാമ്പ്രം ഇന്ദിരാഗാന്ധി പാർക്കിന് സമീപം ഏഴ് മാസം മുമ്പ് കടലിൽ ഡമ്പ് ചെയ്യാനായി കൊണ്ടിട്ട കൂറ്റൻ കരിങ്കല്ലുകൾ മത്സ്യത്തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുകയാണെന്ന് ഫൈസൽ പറഞ്ഞു. കടലേറ്റം തടയാൻ കടൽപാലം മുതൽ തലായി ഫിഷിങ് ഹാർബർ വരെയുള്ള തീരദേശത്ത് കടൽഭിത്തി കെട്ടാൻ അടിയന്തര നടപടി വേണമെന്ന് സി.പി.എം അംഗം ടെൻസി നോമിസ് ആവശ്യപ്പെട്ടു.

പരസ്പരം പോരടിക്കാനുള്ള വേദിയല്ല കൗൺസിൽ യോഗമെന്നും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ കൂട്ടായി നിന്ന് വേണം ജനക്ഷേമത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കേണ്ടതെന്നും ചെയർപേഴ്സൻ കെ.എം. ജമുനാറാണി അംഗങ്ങളെ ഉണർത്തി. ഫണ്ട് നൽകുന്നതിൽ നഗരസഭ പക്ഷപാതം കാണിക്കുന്നതായി കെ.പി. അൻസാരി കുറ്റപ്പെടുത്തി. നഗരത്തിൽ ഒരു സാംസ്കാരിക സമുച്ചയം ഉയർന്നു വരേണ്ട ആവശ്യതയെക്കുറിച്ച് കൗൺസിലർ സി. സോമൻ പറഞ്ഞു.

മാലിന്യ പ്രശ്നം പരിഹരിക്കാൻ അതത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൂട്ടായ പ്രവർത്തനം നടത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കെ. അജേഷ്, എൻ. രേഷ്മ, ടി.സി. അബ്ദുൽ ഖിലാബ്, അഡ്വ.കെ.എം. ശ്രീശൻ, വി.ബി. ഷംസുദ്ദീൻ, പി. പ്രമീള, എൻ. മോഹനൻ, പി. ബിന്ദു, ബേബി സുജാത, കെ.വി. വിജേഷ്, പ്രീത പ്രദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ഉദ്യാന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും

തലശ്ശേരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ സെന്റിനറി പാർക്ക്, ഓവർബറീസ് ഫോളി, കോട്ട തുടങ്ങിയ ഇടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി പറഞ്ഞു.

ചരിത്ര പ്രാധാന്യവും സാംസ്കാരിക പെരുമയുള്ള പൈതൃക നഗരിയിലെ സഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് അപമാനകരമാണ്. പൊലീസിന്റെ ശക്തമായ നിരീക്ഷണം പാർക്കുകളിൽ ഉണ്ടാകും. നഗരത്തിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിശോധന ശക്തമാക്കാൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടും.

Tags:    
News Summary - Thalassery is a drug hub?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.