കണ്ണൂർ: തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ പാട്ടുവെക്കുന്നത് കർശനമായി തടയുമെന്ന് കണ്ണൂർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യം. പ്രസ്തുത റൂട്ടിലോടുന്ന മുഴുവൻ ബസ് ജീവനക്കാർക്കും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഭാവിയിലും തുടർപരിശോധന നടത്തി നിയമലംഘനമില്ലെന്ന് ഉറപ്പാക്കുമെന്നും റിപ്പോർട്ടിലുണ്ട്. പാട്ട് വെക്കുന്നത് കാരണം ഡ്രൈവർമാരുടെ ശ്രദ്ധമാറി അപകടം സംഭവിക്കുന്നുവെന്ന് ആരോപിച്ച് കണിയാങ്കണ്ടി ഉപശ്ലോകൻ സമർപ്പിച്ച പരാതിയിലാണ് നടപടി. സ്വകാര്യ ബസുകളിൽ കാതടപ്പിക്കുന്ന പാട്ട് പാടില്ലെന്ന് നിയമമുണ്ടെങ്കിലും ആരും പാലിക്കാറില്ല. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുമ്പോൾ പാട്ട് ഓഫാക്കി രക്ഷപ്പെടുകയാണ് പല ബസുകളും. പാട്ട് വെക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.