കണ്ണൂർ: പയ്യാമ്പലം പാർക്കിൽ ശിൽപി കാനായി കുഞ്ഞിരാമൻ മണ്ണിൽ തീർത്ത അമ്മയും കുഞ്ഞും ശിൽപം കാടുമൂടി നാശത്തിന്റെ വക്കിൽ. കുട്ടികളുടെ പാർക്കിൽ സ്ഥാപിച്ച മനോഹരവും കൗതുകകരവുമായ ശിൽപം കാണാൻ ജില്ലയിൽനിന്നും പുറത്തുനിന്നുമടക്കമുള്ള സഞ്ചാരികൾ ഏറെയെത്തിയിരുന്നു.
1999ൽ 76 ലക്ഷം ചെലവഴിച്ച് പയ്യാമ്പലം പാർക്കിൽ നടന്ന നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് കാനായിയുടെ നേതൃത്വത്തിൽ അമ്മയും കുഞ്ഞും ശിൽപം ഒരുക്കിയത്. ആദ്യമൊക്കെ നവീകരണവും പരിപാലനവുമൊക്കെ കൃത്യമായി നടന്നിരുന്നെങ്കിലും കോവിഡ് കാലത്തടക്കം നിലച്ചു. ഇതോടെ മൺശിൽപം പുല്ലും കാടും നിറഞ്ഞ് തിരിച്ചറിയാതായി. കുട്ടികളുടെ പാർക്കിൽ കാടുമൂടിക്കിടക്കുന്ന നിലയിലാണ് ശിൽപം ഇപ്പോൾ.
പയ്യാമ്പലത്ത് കാനായിയുടെ 'റിലാക്സിങ്' എന്ന് പേരുള്ള ശിൽപവും കൃത്യമായി പരിപാലിക്കപ്പെടാതെ കിടക്കുകയാണ്. 'റിലാക്സിങ്' ശിൽപം നിർമിച്ച സ്ഥലത്ത് അഡ്വഞ്ചർ പാർക്കിനാവശ്യമായ പ്രവർത്തനമാണ് നടക്കുന്നത്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനുള്ള റോപ് വേ നിർമാണമാണ് ഇവിടെ പുരോഗമിക്കുന്നത്.
ടവർ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതോടെ ഈ ഭാഗത്തേക്കും സഞ്ചാരികൾ അധികം എത്താത്ത സ്ഥിതിയാണ്. ടൂറിസം പ്രമോഷൻ കൗൺസിലാണ് റോപ് വേ നിർമിക്കുന്നത്. എന്നാൽ, അമ്മയും കുഞ്ഞും ശിൽപമടക്കം സംരക്ഷിക്കാനുള്ള നീക്കം ഊർജിതമായി നടക്കുകയാണെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ പറഞ്ഞു.
കുട്ടികളുടെ പാർക്ക് നവീകരണത്തിനായി നീക്കിവെച്ച ഒരുകോടിയിൽ 12 ലക്ഷത്തോളം തുക ഉപയോഗിച്ച് ശിൽപത്തിന്റെ നവീകരണപ്രവൃത്തി നടത്തും.
ഇതിനായി ടൂറിസം അധികൃതർ ശിൽപി കാനായി കുഞ്ഞിരാമനുമായി ചർച്ച നടത്താനുള്ള നീക്കത്തിലാണ്. മൺശിൽപമായതിനാൽ ഘടനയിൽ മാറ്റംവരാതെ ശിൽപിയുടെ സാന്നിധ്യത്തിൽ സൂക്ഷ്മതയോടെയാണ് നവീകരണം നടക്കേണ്ടത്. ഇതിനുള്ള ചർച്ചകളും നടപടികളും പുരോഗമിക്കുകയാണെന്നും ജിജേഷ് കുമാർ പറഞ്ഞു.
എന്നാൽ, ശിൽപത്തിന്റെ അവസ്ഥയെക്കുറിച്ചും അധികൃതർ തന്റെ സൃഷ്ടികളോട് കാണിക്കുന്ന അവഗണനയിലും പ്രതികരിക്കാൻ ശിൽപി കാനായി കുഞ്ഞിരാമൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.