കണ്ണൂർ: പതിനായിരക്കണക്കിനു തൊഴിലാളികളുടെ ചികിത്സക്ക് ഗുണകരമാകേണ്ട തോട്ടട ഇ.എസ്.ഐ ആശുപത്രി പ്രാഥമിക സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുന്നു. സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യത്തിന് 15 വർഷത്തോളം പഴക്കമുണ്ടെങ്കിലും ഇതുവരെയായി നടപടികളൊന്നും ആയിട്ടില്ല. ഇ.എസ്.ഐ തൊഴിലാളികൾ അസുഖം വന്നാൽ ആശ്രയിക്കുന്നത് പ്രാദേശിക ഡിസ്പെൻസറികളെയാണ്.
കിടത്തി ചികിത്സ ആവശ്യമായി വരുമ്പോഴാണ് തോട്ടട ഇ.എസ്.ഐ ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നാൽ, ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിലവിൽ. ഇ.എസ്.ഐ ആശുപത്രിയെ ആശ്രയിക്കുന്ന തൊഴിലാളികളെ മികച്ച ചികിത്സക്ക് അധികൃതർ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുകയാണ് പതിവ്. എന്നാൽ, ബില്ലിനത്തിൽ വലിയ കുടിശ്ശിക ഇ.എസ്.ഐ വരുത്തിയതിനാൽ, ചികിത്സ നൽകാൻ ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും മടിക്കുകയാണ്.
നിലവിൽ തന്നെ വിവിധ ആശുപത്രികളിൽ വിവിധ രോഗങ്ങൾക്കുള്ള ചികിത്സ തുക ഇ.എസ്.ഐ പ്രഖ്യാപിച്ച തുകയേക്കാൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇ.എസ്.ഐ തൊഴിലാളികളെ ചികിത്സിക്കാൻ ആശുപത്രികൾ മടികാണിക്കുകയാണ്. കൂടാതെ ചികിത്സാതുക കൂടിയാൽ ബില്ല് തുക വെട്ടിക്കുറച്ചാണ് ഇ.എസ്.ഐ നൽകുക.
തോട്ടട ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തിയാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാവും. ഇതിനായി ഉടൻ നടപടി സ്വീകരിക്കണമെന്നുകാണിച്ച് ദിശ, കേരള ചേംബർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനും തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനും നിവേദനം നൽകിയിരിക്കുകയാണ്. 2006ൽ ടെക്സ്റ്റൈൽ തൊഴിലാളികൾക്ക് വേണ്ടി ദിശ ചെയർമാൻ സി. ജയചന്ദ്രൻ ഇതുസംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഓസ്കർ ഫെർണാണ്ടസിനു ട്രേഡ് യൂനിയൻ നേതൃത്വം വഴി നിവേദനം നൽകിയിരുന്നു.
സത്വര നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടും നടപടികൾ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.അന്ന് കണ്ണൂരിലെത്തിയ മന്ത്രി തോട്ടട ഇ.എസ്.ഐ ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്താമെന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്. 2014ൽ സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറിന് കത്തയച്ചു. കേന്ദ്ര സർക്കാർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്താൻ തയാറാണെങ്കിൽ സ്ഥലവും കെട്ടിടവും നൽകാമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
എന്നാൽ, ഇൗ നടപടികളും ചുവപ്പുനാടയിൽ കുരുങ്ങി. സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി അടക്കം നിരവധി സംഘടനകൾ ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ സംഘടിപ്പിക്കുകയും കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്ക് നിരവധി തവണ നിവേദനങ്ങളടക്കം നൽകിയിരുന്നെങ്കിലും എല്ലാം ജലരേഖയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.