കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ ഒളിയമ്പുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി. ഗുളിക കഴിക്കുന്നത് പോലെ മൂന്നുനേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ലെന്നും ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്സുള്ളതിനാലാണ് കെ.പി.സി.സി പ്രസിഡൻറിനെതിരെ പ്രസ്താവനയുമായി വരുന്നതെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കെ. സുധാകരെൻറ ആരാധകവൃന്ദം കെ.എസ് ബ്രിഗേഡിന് ഫാഷിസ്റ്റ് സ്വഭാവമാണെന്നും സുധാകരനെ എതിര്‍ക്കുന്നവരെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും വി.എം. സുധീരൻ നേരത്തെ ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ കെ.പി.സി.സി അധ്യക്ഷനായ നേതാവ് സ്വയം പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് യു.ഡി.എഫ് സർക്കാറിനും കോൺഗ്രസ് മന്ത്രിമാർക്കുമെതിരെ ആരോപണശരങ്ങൾ ഉന്നയിച്ച് തുടർഭരണത്തെ തകർത്തയാളാണ്. ചോദിക്കാനും പറയാനും ഒരു പ്രസിഡൻറ് ഉണ്ടെന്ന ചിന്ത കോൺഗ്രസ് പ്രവർത്തകർക്ക് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. ദയവുചെയ്ത് അവരിലെ തീയെ കെടുത്തരുത്. പാർട്ടിയെ പ്രതിസന്ധിയിലാക്കി സ്വന്തം ഇമേജ് വർധിപ്പിക്കാൻ ശ്രമിച്ചതാണ് ഈ അവസ്ഥയിൽ എത്തിയത്. കെ.പി.സി.സി പ്രസിഡൻറ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ടെറിഞ്ഞ് രാജിവെച്ച് പോയ ആൾ ഇപ്പോഴും വാർത്ത കിട്ടാൻ രാജിനാടകവുമായി നടക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. നാല് എം.എൽ.എമാരുണ്ടായിരുന്ന കണ്ണൂരിൽ രണ്ട് പേർ ഇപ്പോഴുമുണ്ട്. തൃശൂരിൽ ജനിച്ച് ആലപ്പുഴയിൽ എം.പിയായി തിരുവനന്തപുരത്ത് താമസിക്കുന്ന നേതാവിെൻറ ജില്ലകളിൽ മുന്നേ എത്ര എം.എൽ.എമാരുണ്ടായിരുന്നുവെന്നും നിലവിൽ എത്രപേരുണ്ടെന്നും അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമർശിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.