കണ്ണൂർ: കാൽനടക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കൈയേറ്റങ്ങൾ ഒഴിവാക്കി സഞ്ചാര യോഗ്യമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനും ജില്ല കലക്ടർ നിർദേശം നൽകണം.
മതിയായ സുരക്ഷയോടെ നടപ്പാത നിർമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും ദേശീയപാത അതോറിറ്റിക്കും കലക്ടർ നിർദേശം നൽകണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. നഗരങ്ങളിലെ റോഡുകൾക്ക് നടപ്പാത ഇല്ലാത്തതല്ല, കാൽനടക്കാർക്ക് പ്രയോജനപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യമെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു.
അനധികൃത കച്ചവടവും വാഹന പാർക്കിങ്ങും കൊടി തോരണങ്ങളും കാരണമാണിത്. നിയമങ്ങൾ കർശനമായി നടപ്പാക്കാനുള്ള ഉദ്യോഗസ്ഥതല വീഴ്ചയാണ് കാരണം. നടപ്പാത കൈയേറ്റം കാരണം റോഡിലൂടെ നടക്കാൻ നിർബന്ധിതരാകുന്നതാണ് അപകടങ്ങൾ വർധിക്കാൻ കാരണം.
നടപ്പാത, മീഡിയൻ, കൈവരികളിൽ കെട്ടിവെക്കുന്ന കൊടികളുടെ കമ്പുകൾ എന്നിവ കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും അപകടമുണ്ടാകുന്നു. ഇത്തരം കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചതായി കമീഷൻ നിരീക്ഷിച്ചു. നടപ്പാതകൾ കൈയേറുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
നടപ്പാത കൈയേറുന്നതിനെതിരെ ജില്ലയിൽ 3,120 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ല പൊലീസ് അറിയിച്ചു. നടപ്പാത കൈയേറ്റം, റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന പരസ്യങ്ങൾ, വൈദ്യുതി തൂണുകൾ എന്നിവ കണ്ടെത്താൻ ഓപറേഷൻ ക്ലിയർ പാത്ത് എന്ന പേരിൽ സ്പെഷൽ ഡ്രൈവ് നടത്തിയതായി ആർ.ടി.ഒ അറിയിച്ചു. തെരുവു കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അവർ ഹൈകോടതിയെ സമീപിച്ച് താൽക്കാലിക സ്റ്റേ വാങ്ങിയതായി കണ്ണൂർ കോർപറേഷൻ സെക്രട്ടറി കമീഷനെ അറിയിച്ചു.
ഈസ്റ്റ് റയിൽവേ പ്രവേശന മാർഗം മുതൽ പ്രസ് ക്ലബ് വഴി പഴയ ബസ് സ്റ്റാൻഡ് വരെ കൈവരിയോടുകൂടിയ നടപ്പാത നിർമിക്കണമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ.വി. ദേവദാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.