ഹരിത കർമസേന പ്രവർത്തന മാർഗരേഖക്ക് അംഗീകാരം

കാസർകോട്: ഹരിത കേരള മിഷ​െൻറ ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷ​െൻറ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ രൂപവത്കരിക്കേണ്ട ഹരിത കർമസേനയുടെ പ്രവർത്തന മാർഗരേഖക്ക് സർക്കാർ അംഗീകാരം നൽകി.

മാലിന്യത്തെ വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിക്കുന്ന ഹരിത കർമസേന, കുടുംബശ്രീ സംരംഭ രീതിയിലാണ് പ്രവർത്തിക്കുകയെന്ന് ഉത്തരവിൽ പറയുന്നു.

വരുമാനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി സേനയുടെ പ്രത്യേകതയാണ്.ഓരോ വാർഡിലും വീടുകളുടെ എണ്ണമനുസരിച്ച് പരമാവധി രണ്ടുപേരെ അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കുന്നതിന് സഹായിക്കുന്നതിനുമായി പരിശീലനം നൽകി തൊഴിൽ സംരംഭമായി തിരഞ്ഞെടുക്കും.

ഓരോ ഹരിത കർമസംരംഭ പ്രവർത്തന പരിധിയിലും 250 വീടുകളെങ്കിലും ഉണ്ടായിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഹരിത കർമസേനകൾക്ക് ഗതാഗതസൗകര്യം ഒരുക്കേണ്ടത്.

സേനാംഗങ്ങൾക്ക് യൂനിഫോം, തിരിച്ചറിയൽ കാർഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനുമാണ്.

സേനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനും നിയന്ത്രിക്കുന്നതിനും തദ്ദേശ സ്ഥാപനതലത്തിൽ ഹരിത സംരംഭകർ 'ഹരിത കർമസേന കൺസോർട്ട്യം' രൂപവത്കരിക്കണം.

അജൈവ മാലിന്യ ശേഖരണം മുതൽ തരംതിരിച്ച് വിപണനം നടത്തുന്നതുവരെയുള്ള വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും സംരംഭകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുകയുമാണ് കൺസോർട്ട്യത്തി​െൻറ കർത്തവ്യം.

ഹരിത സംരംഭകർക്ക് ആവശ്യമായ വിദഗ്​ധ പരിശീലനം നൽകുക, ക്ഷേമ പ്രവർത്തനങ്ങൾ/സ്കീമുകൾ രൂപവത്കരിക്കുക, സർക്കാർ മുഖേന ലഭ്യമാകേണ്ട കാര്യങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കുക, കൂടുതൽ തൊഴിലവസരങ്ങളിലേക്ക് നയിക്കുക തുടങ്ങിയവയാണ് കുടുംബശ്രീ മിഷ​െൻറ ചുമതലകൾ.

മാലിന്യ നിർമാർജനത്തിന്​ ഹരിതസേനയെ സഹായിക്കുന്നതിനുവേണ്ട നിയമപരമായ ഇടപെടൽ, സുരക്ഷിത മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കുവേണ്ട സാഹചര്യമൊരുക്കൽ എന്നിവ മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ചുമതലകളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.