കാസർകോട്: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നത് വര്‍ധിക്കുകയാണെന്ന് വനിത കമീഷൻ. ഇത്തരം പരാതികളില്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന് കമീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ജനപ്രതിനിധികളെയടക്കം അപമാനിക്കുന്നത് സംബന്ധിച്ച പരാതികള്‍ കമീഷന് മുന്നിലുണ്ട്. ജില്ലയില്‍ നടത്തിയ അദാലത്തില്‍ രണ്ടു പരാതി ലഭിച്ചിട്ടുണ്ടെന്നും കമീഷന് അംഗം പറഞ്ഞു. കലാലയങ്ങളിലും സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കാമ്പയിനുകളിലും തദ്ദേശസ്ഥാപനതലത്തിലെ ജാഗ്രതാസമിതികളിലും ഗാര്‍ഹികപീഡന നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ സംബന്ധിച്ച അവബോധ ക്ലാസുകള്‍ നടത്തുന്നുണ്ട്. നിയമപരമായി നേരിടുന്നതിനുള്ള ബോധവത്കരണം സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി നിരവധി ബോധവത്കരണ പരിപാടികള്‍ വനിത കമീഷന് നടത്തിക്കഴിഞ്ഞു. ഇതുതുടരുമെന്നും കുഞ്ഞായിഷ പറഞ്ഞു. അദാലത്തില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതിയിന്മേല് റിപ്പോര്‍ട്ട് തേടി. 22 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 30 പരാതികളാണ് പരിഗണിച്ചത്. വിമൻസെല്‍ എ.എസ്.ഐ ടി. ശൈലജ, സി.പി.ഒ എ.കെ. ജയശ്രീ, അഡ്വ. എം. ഇന്ദിരാവതി, ഫാമിലി കൗണ്‍സിലര്‍ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.