കാസർകോട്: കാസർകോട്ടുകാർക്ക് ഇനി ആശ്വസിക്കാം, ഉപ്പുവെള്ളം കുടിക്കാതെ ജീവിക്കാമെന്ന കാര്യത്തിൽ. വർഷങ്ങളായി ഇവിടത്തുകാരെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നമായിരുന്നു ഉപ്പുകലർന്ന കുടിവെള്ളം.
അതിനാണ് ഞായറാഴ്ചയോടെ പരിഹാരമായത്. നിർമാണം പൂർത്തിയായ ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ബാവിക്കര റെഗുലേറ്റർ ഞായറാഴ്ച മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചതോടെ നീണ്ടകാലത്തെ ജനങ്ങളുടെ ആവശ്യവും ആഗ്രഹവുമാണ് യാഥാർഥ്യമായത്.
പയസ്വിനി പുഴയിലെ ബാവിക്കരയിൽ നിർമിച്ച 120.4 മീറ്റർ നീളവും നാല് മീറ്റർ ഉയരവുമുള്ള റെഗുലേറ്ററിൽ 250 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയും. 35 കോടി രൂപ ചെലവഴിച്ച് 27 മാസംകൊണ്ടാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
വേനലിൽ ഉപ്പുവെള്ളം ലഭിക്കുന്ന കാസർകോട് നഗരസഭ, മുളിയാർ, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിലെ ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കളുടെ ദുരിതത്തിന് ഇതോടെ പരിഹാരമാകും. പദ്ധതിയുടെ ഗുണം ഏറെ ലഭിക്കുക കാസർകോട് നിയമസഭ മണ്ഡല പരിധിയിലുള്ളവർക്കാണ്.
പയസ്വിനി-കരിച്ചേരി പുഴകളുടെ സംഗമസ്ഥാനമായ ആലൂർ മുനമ്പത്ത് ചെറുകിട ജലസേചന വകുപ്പ് 27.75 കോടി രൂപ ചെലവഴിച്ചാണ് തടയണ നിർമിച്ചത്. 2.70 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള നാല് സ്റ്റീൽ ഷട്ടറുകൾ സ്ഥാപിച്ചു. നേരേത്ത നിർമാണം നടന്നയിടത്ത് ഫൈബർ റീ ഇൻഫോഴ്സ്ഡ് പോളിമർ (എഫ്.ആർ.പി) ഷട്ടറുകൾ സ്ഥാപിച്ചു. തടയണയുടെ ഇരുഭാഗത്തും 100 മീറ്ററിലധികം കോൺക്രീറ്റ് പാർശ്വഭിത്തിയും സ്ഥാപിച്ചു.
തടയണയിൽ മൂന്നുമീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കാനാകും. . കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കുന്ന് എന്നിവർ മുഖ്യാതിഥികളായി. കെ. കുഞ്ഞിരാമൻ എ.എൽ.എ ശിലാഫലകം അനാവരണം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ. സൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം സമീമ അൻസാരി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ടി.പി. നാസർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി. രാജൻ, സുരേഷ് പുതിയേടത്ത്, ഹരീഷ് ബി. നമ്പ്യാർ, എ. ഗോപിനാഥൻ നായർ, ഇ. കുഞ്ഞിക്കണ്ണൻ, മുനീർ മുനമ്പം എന്നിവർ സംസാരിച്ചു. ചെറുകിട ജലസേചനം കോഴിക്കോട് സൂപ്രണ്ടിങ് എൻജിനീയർ എം.കെ. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസ് സ്വാഗതവും ചെറുകിട ജലസേചനം കാസർകോട് എക്സിക്യൂട്ടിവ് എൻജിനീയർ പി.ടി. സഞ്ജീവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.