കാസർകോട്: ക്ഷേമ പെന്‍ഷനുകള്‍ വീടുകളിൽ എത്തിച്ചുനൽകുന്ന പദ്ധതിക്കുവേണ്ടി പ്രവർത്തിച്ചവർക്ക് ഏഴുമാസമായി പ്രതിഫലം നൽകിയിട്ടില്ല. ഈ ജോലി ഭംഗിയായി നിർവഹിച്ച സഹകരണ ബാങ്കുകളിലെ കലക്ഷൻ ഏജന്‍റുമാര്‍ക്ക് നല്‍കിയിരുന്ന ഇന്‍സെന്‍റിവാണ് ഏഴുമാസമായി മുടങ്ങിക്കിടക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്കുകളോട് വീട്ടിലെത്തിച്ചുകൊടുക്കാന്‍ നിർേദശിച്ചത്. ഇത് സർക്കാറിെൻറ ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാണിച്ചിരുന്നു. സുരക്ഷിതത്വമില്ലാതെ ലക്ഷങ്ങൾ കൈവശംെവച്ച് നടന്ന ഏജൻറുമാരിൽ ചിലർക്ക് പണവും നഷ്ടപ്പെട്ടിരുന്നു. ചെമ്മനാട് സഹകരണബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക വിതരണം ചെയ്യാന്‍ സ്വന്തം സ്‌കൂട്ടറില്‍ പോയ വനിത കലക്ഷന്‍ ഏജന്‍റിനെ വഴിയില്‍ ആക്രമിച്ച് പണം കവര്‍ന്ന സംഭവവും ജില്ലയിലുണ്ടായി. ഒരാൾക്ക് പെന്‍ഷന്‍ എത്തിച്ചുകൊടുക്കുന്നതിന് 40 രൂപയാണ് ഇന്‍െസന്‍റിവായി നിശ്ചയിച്ചിരുന്നത്.
കഴിഞ്ഞവര്‍ഷം കോവിഡ് പ്രതിസന്ധിയിലാണ് കലക്ഷൻ ഏജന്‍റുമാരുടെ സേവനം പ്രകീർത്തിക്കപ്പെട്ടത്. ആദ്യകാലങ്ങളില്‍ കൃത്യസമയത്ത് പ്രതിഫലം ലഭിച്ചിരുന്നു. എല്ലാ മാസവും 15 ദിവസത്തോളം പെന്‍ഷന്‍ വിതരണത്തിെൻറ ചുമതല ഉണ്ടായിരുന്നതിനാല്‍ മിക്കവര്‍ക്കും നേരത്തേ ചെയ്തിരുന്ന ബില്‍ കലക്ഷനും അതില്‍നിന്നും ലഭിച്ചിരുന്ന കമീഷനും ഗണ്യമായി കുറയുകയും ചെയ്തു. യാത്രാചെലവും സ്വന്തം കൈയില്‍നിന്നുതന്നെ വഹിക്കേണ്ടിവന്നു. ഇപ്പോള്‍ ഏഴുമാസമായി ഇന്‍സെന്‍റിവ് മുടങ്ങിക്കിടക്കുമ്പോള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും വരുമാനം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് മിക്ക കലക്ഷന്‍ ഏജന്‍റുമാരും. ബില്‍ കലക്ഷെൻറ പേരില്‍ ബാങ്കില്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ പ്രതിഫലം കൊണ്ട് മാത്രമാണ് മിക്കവരും കഴിയുന്നത്. വീണ്ടും കോവിഡ് പ്രതിസന്ധി പിടിമുറുക്കാന്‍ തുടങ്ങിയതോടെ അതും ഏതുനിമിഷവും നിലക്കാവുന്ന അവസ്ഥയിലാണ്. മുടങ്ങിക്കിടക്കുന്ന ഇന്‍സെന്‍റിവ് തെരഞ്ഞെടുപ്പുകാലത്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. സംസ്ഥാനമൊട്ടാകെ ഈ പ്രശ്‌നം നിലവിലുണ്ടെന്നാണ് സഹകരണ ജീവനക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെടുമ്പോള്‍, അധികം താമസിയാതെ തുക അനുവദിച്ചുകിട്ടുമെന്നാണ് പറയുന്നത്. പക്ഷേ എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന് നിശ്ചയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.