കാസർകോട്: കർണാടക വിലക്കിയെങ്കിലും ജില്ലയിലെ ഒാക്സിജൻ വിതരണത്തിൽ ഒരുമുടക്കവും വരാതിരിക്കാൻ നാട് കൈകോർത്തു. ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും ആരംഭിച്ച ഒാക്സിജൻ സിലിണ്ടർ ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വ്യാഴാഴ്ച മാത്രം 33 സിലിണ്ടറുകൾ കൂടി ചലഞ്ച് വഴി ലഭിച്ചു. ഇതോടെ മൊത്തം ലഭിച്ച സിലിണ്ടറുകളുടെ എണ്ണം 282 ആയി. ഇതിൽ 180 എണ്ണത്തിലും മെഡിക്കൽ ഒാക്സിജൻ നിറച്ച് ഉപയോഗിക്കാനും തുടങ്ങി.
വിവിധ സംഘടനകളും സ്ഥാപനങ്ങളും സിലിണ്ടറുകൾ നേരിട്ട് കൈമാറി. ബഹ്റൈൻ കേരള സമാജം മാത്രം 69 സിലിണ്ടറുകൾ നൽകിയതിനുപിന്നാലെ ജനാർദന ഹോസ്പിറ്റൽ 15 സിലിണ്ടറുകൾ വ്യാഴാഴ്ച നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സിലിണ്ടർ നൽകാൻ കഴിയാത്തവർ പണവും നൽകുന്നു. ജന്മദിനം, പെരുന്നാൾ തുടങ്ങി ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുകവരെ ഒാക്സിജൻ സിലിണ്ടർ ചലഞ്ചിലേക്ക് എത്തുന്നു.
300 സിലിണ്ടറുകളെങ്കിലും ജില്ലക്ക് അത്യാവശ്യമാണ്. അഹ്മദാബാദിൽ ഇതിന് ഒാർഡർ നൽകിയെങ്കിലും കോവിഡ് കാല ആവശ്യം മുൻനിർത്തി വൻ തുകയാണ് കമ്പനി ആവശ്യപ്പെടുന്നത്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാൽ വൻതുക വേണ്ടിവരില്ലെന്നാണ് ജില്ല പഞ്ചായത്തിെൻറ നിഗമനം. വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന തുകയാണ് ആശ്രയിക്കുന്നത്. വിദേശത്തുള്ള ഒേട്ടറെ പേർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കായി 340 സിലിണ്ടർ ഒാക്സിജനാണ് പ്രതിദിനം വേണ്ടത്. ജില്ലയിൽ ആകെയുള്ള സിലിണ്ടറുകളുടെ എണ്ണം 370ഉം. മംഗളൂരുവിൽ നിന്നുള്ള ഒാക്സിജൻ വരവ് നിലച്ചുവെങ്കിലും കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നായി അത് ഇപ്പോൾ ലഭിക്കുന്നുണ്ട്.
ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ അത്രയും എണ്ണം സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാവൂ. ഇത് കണക്കിലെടുത്താണ് മേയ് 11ന് ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറയും കലക്ടറുടെയും മൊബൈൽ നമ്പർ സഹിതം ഒാക്സിജൻ സിലിണ്ടർ ചലഞ്ച് ആരംഭിച്ചത്. ചലഞ്ച് വഴി കൂടുതൽ സഹായം പ്രതീക്ഷിക്കുന്നതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.