കാസർകോട്: പെരിയ കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടിട്ടും കേസ് ഡയറിയും അനുബന്ധ രേഖകളും സി.ബി.ഐക്ക് കൈമാറാത്തത് സി.പി.എമ്മിെൻറ ഉന്നത നേതാക്കൾ കുടുങ്ങുമെന്ന ഭീതി മൂലമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു.
സി.പി.എമ്മിെൻറ കണ്ണൂരിലെയും കാസർകോട്ടെയും ഉന്നത നേതാക്കൾക്ക് കൊലപാതകത്തിലുള്ള ബന്ധം പുറത്തു വരാതിരിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണ ഡയറിയും രേഖകളും കൈമാറാത്തത്. പൊതുഖജനാവിലെ ഒരു കോടിയോളം രൂപയാണ് കേസിൽ വാദിക്കാൻ സർക്കാർ ചെലവഴിച്ചത്.
സിംഗ്ൾ ബെഞ്ച് സി.ബി.ഐക്ക് വിട്ടതിനെതിരെ അപ്പീൽ നൽകി അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ തീരുമാനിച്ചത്. കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ചു പറയുന്ന സി.പി.എം പിന്നെന്തിനാണ് ഖജനാവിലെ പണം കേസ് വാദിക്കുന്നതിനായി ചെലവഴിക്കുന്നത്.
കേസന്വേഷണം സി.ബി.ഐക്ക് ഹൈകോടതി വിട്ട് ഒരു വർഷമായിട്ടും രേഖകൾ കൈമാറിയില്ല. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ തങ്ങൾക്കെതിരെ ജന വികാരം ആളിപ്പടരുമെന്ന ഭയം സി.പിഎമ്മിനുണ്ട്. കേസ് ഡയറി അടിയന്തരമായി സി.ബി.ഐക്ക് കൈമാറണം.
അല്ലെങ്കിൽ കെ.പി.സി.സി നേതൃത്വവുമായി ആലോചിച്ച് കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തും. ശരത് ലാലിെൻറയും കൃപേഷിെൻറയും സ്മൃതി മണ്ഡപത്തിൽ നാട്ടുകാരുടെ യോഗം വിളിച്ചുചേർത്ത് സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.