കാസർകോട്: മറിഞ്ഞ പാൽവണ്ടിയിൽനിന്ന് പെട്രോൾ ഊറ്റാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ ക്രിക്കറ്റ് കളികഴിഞ്ഞ് പോവുകയായിരുന്ന യുവാക്കൾ പിടികൂടി പൊലീസിലേൽപ്പിച്ചു. സംഘം എത്തിയ മോഷ്ടിച്ച വാനും കസ്റ്റഡിയിലെടുത്തു. ചട്ടഞ്ചാൽ സ്വദേശി അബ്ദുല്ലയാണ് ചെങ്കള തൈവളപ്പ് സ്വദേശികളായ ക്രിക്കറ്റ് കളിക്കാരായ യുവാക്കളുടെ പിടിയിലായത്.
ഞായറാഴ്ച പുലർച്ച ഒന്നോടെ ചെങ്കള ഇന്ദിര നഗറിലാണ് സംഭവം. ഇവിടെ ശനിയാഴ്ച പുലർച്ച 5.30ഓടെ കർഷകശ്രീ മിൽക്ക് കമ്പനിയുടെ പാക്കറ്റ് പാൽ മഞ്ചേശ്വരം ഭാഗത്തേക്ക് കൊണ്ടുപോവുന്ന വാൻ മറിഞ്ഞിരുന്നു. രണ്ട് പോത്തുകളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് റോഡരികിലേക്ക് മറിഞ്ഞത്. ബോവിക്കാനം സ്വദേശിയായ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.
പാക്കറ്റ് പാൽ വണ്ടിയിൽനിന്ന് അപ്പോൾതന്നെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. മറിഞ്ഞ വാൻ വൈകീട്ട് വർക്ക്ഷോപ്പിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാൽ ഞായറാഴ്ച രാവിലെ മാറ്റാമെന്ന് കരുതി തിരിച്ചുപോയതായിരുന്നു.
പെട്രോൾ ഊറ്റുന്ന സംഘം അർധരാത്രി കഴിഞ്ഞാണ് എത്തിയത്. ഇതിനിടയിലാണ് ഉദുമയിൽ ക്രിക്കറ്റ് പരിശീലനം കഴിഞ്ഞ് ചെങ്കള തൈവളപ്പിലെ എതാനും യുവാക്കൾ കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ വാൻ മറിഞ്ഞുകിടക്കുന്നതും അതിനടിയിൽ ഒരാൾ കിടക്കുന്നതും കണ്ടത്. അപകടം നടന്നതാണെന്ന് കരുതി രക്ഷിക്കാൻ കാർ നിർത്തി ചെന്നപ്പോഴാണ് ഒരു യുവാവ് ഓടിരക്ഷപ്പെട്ടത്. വാനിനടിയിൽ കിടന്ന് പെട്രോൾ ഊറ്റുന്ന അബ്ദുല്ലയെ പിടികൂടി.
വിദ്യാനഗർ സി.ഐ വി.വി. മനോജിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സംഘമെത്തിയ വാനിെൻറ നമ്പർപ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.