ബദിയടുക്ക: ആറ് വർഷത്തോളമായി ഒപ്പം താമസിക്കുന്ന യുവതിയെ അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും കാസർകോട് ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുമായ ബൈജു (38) വിനെതിരെയാണ് ഐ.പി.സി 341, 324, 294 ബി വകുപ്പുകൾ പ്രകാരം കേസെടുത്തത്.
നിരവധി വർഷമായി കാസർകോട്ട് ജോലി ചെയ്യുന്ന ബൈജു ആറ് വർഷത്തോളമായി പട്ടിക വിഭാഗക്കാരിയായ യുവതിയോടൊപ്പം ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. രണ്ട് കുട്ടികളുടെ മാതാവായ യുവതിക്കൊപ്പം ഭാര്യാഭർത്താക്കൻമാരെ പോലെയാണ് ഇവർ കഴിഞ്ഞുവന്നിരുന്നത്.
ഒക്ടോബർ 16ന് രാത്രി 10.30 മണിയോടെ വാടക ക്വാർട്ടേഴ്സിൽ മദ്യലഹരിയിൽ എത്തിയ ബൈജു തടഞ്ഞുനിർത്തി വടി കൊണ്ട് അടിച്ചു പരിക്കേൽപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
വീട്ടിൽ ശല്യമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് പറയുന്നു. ബൈജു സ്ഥിരമായി മദ്യപിച്ച് വന്ന് യുവതിയെ മർദിക്കാറുണ്ടെന്നാണ് പരിസരവാസികളും പറയുന്നത്. ബദിയടുക്ക എസ്.ഐയായി ചുമതലയേറ്റ അൻസാറാണ് കേസ് അന്വേഷിക്കുന്നത്.
പട്ടിക വിഭാഗക്കാരിയായ യുവതിയെ ആക്രമിച്ച സംഭവത്തിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയിട്ടില്ല. അതേസമയം, കേസടുത്തതായും അന്വേഷണം നടക്കട്ടെ എന്നും ബദിയടുക്ക എസ്.ഐ. അൻസാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.