ബദിയടുക്ക (കാസർകോട്): ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ഭർത്താവ് അറസ്റ്റിൽ. കൊല്ലം കനിയതോട് മുഖത്തല സ്വദേശിനി നീതു കൃഷ്ണയെ (28) കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവിനെ തിരുവനന്തപുരത്ത് നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു.
വയനാട് വൈത്തിരി സ്വദേശി ആന്റോ സെബാസ്റ്റ്യനാണ് (40) അറസ്റ്റിലായത്. മുംബൈയിലേക്ക് ട്രെയിൻ കയറാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിൽ ഇയാൾ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
ആദ്യം കോഴിക്കോട്ട് എത്തിയ പ്രതി പിന്നീട് എറണാകുളത്തും അവിടെ നിന്ന് തിരുവനന്തപുരത്തും എത്തിയെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനു ശേഷം കൂടുതൽ വിവരം പുറത്തുവിടുമെന്ന് അന്വേഷണ സംഘം പറഞ്ഞു. നീതു കൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
പുറമെ മുറിവ് കാണാൻ ഇല്ലെങ്കിലും തലയോട്ടിക്ക് മാരകമായ ക്ഷതമേറ്റിട്ടുണ്ട്. എന്തെങ്കിലും ആയുധംവെച്ച് അടിച്ചാലുണ്ടാകുന്ന ക്ഷതമാണ് ഇതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 42 ദിവസം മുമ്പാണ് നീതുവും ആന്റോയും റബർ ടാപ്പിങ്ങിനായി ഏൽക്കാനയിൽ എത്തിയത്.
ബുധനാഴ്ച വൈകീട്ട് ബദിയടുക്ക ഏൽക്കാനയിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ സൈബർ സെൽ ഇൻസ്പെക്ടർ പ്രേംസദൻ, ബദിയടുക്ക എസ്.ഐ. കെ.പി. വിനോദ് കുമാർ, എസ്.ഐ ബാലകൃഷ്ണൻ, സ്ക്വാഡ് അംഗങ്ങൾ തുടങ്ങി എട്ട് പേരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത് പൊലീസ് സേനക്ക് തന്നെ അഭിമാനമായി. കൊലക്കുള്ള കാരണം എന്താണെന്ന് പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലേ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.