ബദിയടുക്ക: ബദിയടുക്ക ടൗൺ കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല മദ്യവും കഞ്ചാവ് വിരുന്നും പിടികൂടാൻ ആളില്ലാത്ത സ്ഥിതിയാണ്. പൊലീസിൽ വിവരം അറിയിച്ചാലും മൗനത്തിലെന്ന ആക്ഷേപം ശക്തമാണ്. പെർള റോഡ് മരമില്ലിന് സമീപം, ചെന്നാർക്കട്ടെ റോഡ് മത്സ്യമാർക്കറ്റിനു സമീപം, അപ്പർബസാർ, ബോൾക്കട്ടെ തുടങ്ങിയ സ്ഥലത്താണ് രാത്രിയിൽ വ്യാപകമായി കൂട്ടംകൂടി പരസ്യ മദ്യപാനവും കഞ്ചാവ് വലിയും നടക്കുന്നത്. ഒാരോ സ്ഥലത്തും പത്തിൽ കൂടുതൽ ആളുകൾ ഏർപ്പെടുന്നുണ്ട്. ഇവരുടെ വാക്കേറ്റവും സംസാരവും പതിവായി നടക്കുന്നു.രാത്രി എട്ടുമണിക്കുശേഷമാണ് ഇത്തരത്തിലുള്ള സംഘം വിലസുന്നത്.
കൃത്യമായ വിവരം പൊലീസിൽ നൽകിയാലും സംഭവസ്ഥലത്തിലൂടെ പൊലീസ് വാഹനം റെയ്ഡ് നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻപോലും തയാറാകുന്നില്ലെന്ന പരാതികളാണ് ഉയർന്നുവരുന്നത്. ഇത്തരക്കാർക്ക് കോവിഡ് ജാഗ്രതയും ഇല്ലെന്ന തരത്തിലാണ് നീചപ്രവൃത്തികൾ നടക്കുന്നത്. മൂക്കിനു താഴെ എക്സൈസ് ഓഫിസ് ഉണ്ടായിട്ടും ഫലമുണ്ടാകുന്നില്ലെന്ന വിമർശനമാണ് ജനങ്ങളുടെ ഭാഗത്തിൽനിന്നും ഉയർന്നു വരുന്നത്.
ടൗൺ കേന്ദ്രീകരിച്ചുള്ള രാത്രികാല മദ്യവിരുന്ന് ഈ അടുത്താണ് തലപൊക്കിയത്. ഇത്തരത്തിലുള്ള സംഘത്തിന് കഞ്ഞിവെച്ച് കൊടുക്കുന്ന ഇടനിലക്കാരുടെ സ്വാധീനം കൂടിയതാണ് വർധിക്കാൻ കാരണമെന്ന് പറയുന്നു. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.