ബദിയടുക്ക: കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുയർത്തി അനധികൃത ചെങ്കല്ല് ഖനനം വ്യാപകം. ഖനനത്തിനു വേണ്ട പ്രാഥമിക നടപടികൾ പോലുമില്ലാതെയാണ് വ്യാപകമായി ക്വാറികൾ പ്രവർത്തിക്കുന്നത്. ലോറികളിൽ യഥേഷ്ടം കല്ലുകൾ കടത്തുമ്പോഴും കാണേണ്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഷേണി, ബേള, എഡനാട്, നീർച്ചാൽ, എൻമകജെ തുടങ്ങിയ വില്ലേജുകളിലാണ് അനധികൃത ചെങ്കൽ ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നത്.
റവന്യൂ ഭൂമി ഉൾപ്പടെ കൈയേറിയും മറ്റ് ആവശ്യത്തിന് പാട്ടത്തിനെടുത്തും ഇത്തരം ഖനനം നടക്കുന്നുണ്ട്. ചെറിയ അളവിൽ ഭൂമി വാങ്ങി അതിന്റെ മറവിൽ സമീപ ഭൂമിയും കൈയേറിയാണ് ചിലരുടെ ഖനനം. മറ്റു ചിലരാവട്ടെ ഒരു രേഖയും കൈവശമില്ലാത്തവരുമാണ്.
കൃത്യമായ മാസപ്പടിയിലാണ് ഇത്തരം ഖനനം സുഗമമായി നടക്കുന്നത്. കൈയേറുന്ന ഭൂമിയിൽ ആദ്യം ചെങ്കല്ല് നിരത്തി അതിർത്തി നിർണയിക്കുന്നു. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാൽ പിന്നെ ഖനനം തുടങ്ങും. ഖനനശേഷമുള്ള വലിയ കുഴികൾ പലതും മൂടാതെ കിടക്കുകയാണ്.
മണ്ണിട്ട് മൂടണമെന്ന നിബന്ധന പാടേ അവഗണിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. മഴക്കാലത്ത് വലിയ വെള്ളക്കെട്ടിനും ഇടയാക്കുന്നതാണ് ഇത്. ജില്ലയിലെ പലയിടത്തും ഇത്തരം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ജിയോളജി, റവന്യൂ, പരിസ്ഥിതി, വിജിലൻസ് വകുപ്പുകൾ ഒറ്റക്കോ കൂട്ടായോ ആണ് ഇത്തരം ക്വാറികൾക്കെതിരെ നടപടിയെടുക്കേണ്ടത്. പരാതികൾ ഉയരുമ്പോൾ പേരിനു മാത്രം പരിശോധനകൾ നടക്കുകയാണ് പതിവ്.
ഇത് ചെങ്കല്ല് മാഫിയ- ഉദ്യോഗസ്ഥ ഒത്തുകളിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കല്ലുമായി പോകുന്ന ലോറികൾ പിടികൂടി പിഴ ചുമത്തി ആ ദിവസം തന്നെ വിട്ടയക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ലോറികൾ പിടികൂടിയാലും ക്വാറികളിലേക്ക് ആരുമെത്തുന്നില്ലെന്നതാണ് കൗതുകകരം.
അനധികൃത ക്വാറികൾക്കെതിരെ നാട്ടുകാർ പരാതിപ്പെട്ടാൽ വില്ലേജ് അധികൃതർ നോട്ടീസ് നൽകുമെന്നല്ലാതെ തുടർ നടപടികൾ എടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. അതേസമയം, അനധികൃത ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.