ബദിയടുക്ക: ഹെൽത്ത് ഇൻസ്പെക്ടർ നിസാം റാവുത്തറിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ കർമ മണ്ഡലത്തിലുള്ളവർക്ക് കണ്ണീരുപ്പായി മാറി. ആരോഗ്യരംഗത്ത് ജനങ്ങളുടെ സ്നേഹവും ആദരവും പിടിച്ചു വാങ്ങിയ സിസാം റാവുത്തറിന്റെ വിയോഗം താങ്ങാവുന്നതിലപ്പുറമാണന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. കോവിഡിന്റെ രണ്ടാംഘട്ടത്തിലാണ് ബദിയടുക്ക ആരോഗ്യകേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായി നിസാം റാവുത്തർ എത്തുന്നത്. ജനങ്ങളെ സേവിക്കേണ്ട സർക്കാർ ഉദ്യോഗസ്ഥനെന്ന ഉത്തരവാദിത്തത്തോടെ നാട്ടുകാർക്കിടയിലിറങ്ങിയ അദ്ദേഹം എല്ലാവരുമായും അടുപ്പം സൂക്ഷിച്ചു. വാക്സിനേഷൻ ക്യാമ്പുകളുടെ തിരക്കിലും ആരെയും പിണക്കാതെ പ്രവർത്തന നിരതനായി. ബദിയടുക്കയിൽ ഒരുപാട് സുഹൃത്തുക്കളും ബന്ധങ്ങളും സ്ഥാപിച്ചു.
ആരോഗ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാട്ടിലിറങ്ങി നടക്കാൻ കൂടെ കൂട്ടുമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകനായ ഹമീദ് കെടിഞ്ചി ഓർക്കുന്നു. മറ്റൊരാൾ അപ്പു എന്ന രാജനാണ്. വിയോഗം എങ്ങനെ മറക്കാനാവും. നിർഭയത്തോടെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽനിന്ന് നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി എന്നും സംസാരിക്കുകയും ഇടപെടൽ നടത്തുകയും ചെയ്തു. എൻഡോസൾഫാൻ ഇരകളുടേ വിഷയം ഉയർത്തിക്കൊണ്ടുവരുന്നതിൽ നിസാം റാവുത്തറുടെ പ്രവൃത്തിയും എഴുത്തും വലിയ പങ്കുവഹിച്ചതായും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.