ബദിയടുക്ക: പഞ്ചായത്ത് സംരക്ഷിക്കേണ്ട തോട് പാട്ടയത്തിന് നൽകാൻ എൻ.ഒ.സി നൽകാമെന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനത്തെ എൽ.ഡി.എഫ് എതിർത്തു. ബി.ജെ.പിയുടെ പിന്തുണയോടെയുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി മിനുട്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗമാണ് വിവാദ തീരുമാനം കൈക്കൊണ്ടത്.
ബദിയടുക്ക പഞ്ചായത്തിലെ മാന്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ തോട് പാട്ടത്തിനെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി പഞ്ചായത്തിന്റെ എൻ.ഒ.സി ലഭിക്കാൻ ജൂൺ രണ്ടിന് നടന്ന പഞ്ചായത്ത് ഭരണ സമിതിയിൽ അജണ്ട വന്നിരുന്നു. എന്നാൽ, ബി.ജെ.പിയും എൽ.ഡി.എഫും തിരുമാനം എടുക്കുന്നതിനെ എതിർത്തിരുന്നു. തുടർന്ന് അടുത്ത യോഗത്തിലേക്കായി മാറ്റിയ അജണ്ടയാണ് ജൂൺ 24ന് എടുത്തപ്പോൾ ബിജെ.പി പിന്തുണച്ചത്.
തോടുകൾ സംരക്ഷണം നടത്താനുള്ള അധികാരം പഞ്ചായത്തിനുള്ളതാണ്. ഭൂമി റവന്യൂവിന്റേതായതിനാൽ റവന്യുവിന്റെ അനുമതി വേണം. ഇത്തരം ചട്ടങ്ങളൊന്നും നോക്കാതെയാണ് പഞ്ചായത്ത് തീരുമാനം എടുത്തത്. കഴിഞ്ഞ തവണയുണ്ടായ ബി.ജെ.പിയുടെ എതിർപ്പ് ജൂൺ 24നിടയിൽ പുറത്ത് വച്ച് തീർപ്പാക്കിയതായാണ് സംശയം. നിയമലംഘനത്തിലൂടെ പഞ്ചായത്ത് എൻ.ഒ.സി നൽകാനുള്ള രഹസ്യനീക്കം നടന്നുവരുന്നതായി ജൂൺ 22ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തരുന്നു.
ഇത് ശരിവെക്കുന്നതാണ് ശനിയാഴ്ച നടന്ന ഭരണസമിതിയിൽ ഉണ്ടായത്. അതേസമയം പഞ്ചായത്തിന് വരമാനം ലഭിക്കാനാണ് തീരുമാനം കൈ കൊണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത പറഞ്ഞു. ഭരണ സമിതിയിലെ മുഴുവൻ അംഗങ്ങളും ഒന്നിച്ചെടുത്ത തീരുമാനമായാലും ചട്ടംപാലിച്ചിരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി സി. രാജേന്ദ്രൻ പറഞ്ഞു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർമിച്ച സ്റ്റേഡിയത്തിനായി 1.09 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയും 32 സെന്റ് തോടും കൈയേറിയതായാണ് ആക്ഷേപം. ബദിയടുക്ക പഞ്ചായത്തിലെ മാന്യ മുണ്ടോട് കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലാണ് സ്റ്റേഡിയം.
മണ്ണിട്ട് മൂടിയ തോട് ഉൾപ്പെടെയുള്ള സർക്കാർ പുറമ്പോക്ക് ഭൂമി പാട്ടത്തിനെടുക്കാനാണ് ജില്ല ക്രിക്കറ്റ് അസോസിയേഷൻ നീക്കം. 5.6 മീറ്റർ വീതിയിലുള്ള തോട് കടന്നുപോകുന്ന 32 സെന്റ് ഭൂമി അനുമതിയില്ലാതെ മണ്ണിട്ട് നികത്തി വഴിതിരിച്ചുവിട്ടെന്ന് തെളിഞ്ഞതോടെ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 201 (4)ന്റെ ലംഘനമാണ് കെ.സി.എ നടത്തിയതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.