ബദിയടുക്ക: ബദിയടുക്ക രജിസ്ട്രാർ ഓഫിസിൽ ഇന്റർനെറ്റ് ഇല്ലാത്തതിനെ തുടർന്ന് രജിസ്ട്രേഷൻ മുടങ്ങിയത് വാക്കേറ്റത്തിന് കാരണമായി. ഓരോ ദിവസവും 20 ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനു ടോക്കൺ നൽകുന്നുണ്ട്. വ്യാഴാഴ്ച 11 മണിക്കാണ് വൈദ്യുതി വന്നത്. ഓഫിസ് തുറക്കുന്നതിന് മുമ്പുതന്നെ എത്തിയവർക്ക് മൂന്നുമണിക്കാണ് രജിസ്റ്റർ ചെയ്യാനായത്. ആകെ പകുതിപേരുടെ രജിസ്ട്രേഷൻ മാത്രമാണ് നടന്നത്. പിന്നാലെ ഇന്റർനെറ്റ് ഇല്ലെന്ന ബോർഡ് പ്രത്യക്ഷപ്പെട്ടു. രജിസ്ട്രേഷൻ നടക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് ഓഫിസറുടെ മേശപ്പുറത്ത് ‘ഇന്റർനെറ്റില്ല’ എന്ന ബോർഡ് വന്നത്. ഇതാണ് വാക്കേറ്റത്തിന് കാരണമായത്. ഓഫിസ് സമയം കഴിയാറായതോടെ ഓഫിസ് പൂട്ടി ഉദ്യോഗസ്ഥർ പോകുമെന്ന നിലവന്നു. രാവിലെ മുതൽ കാത്തുനിൽക്കുന്നവർ ഇതോടെ പ്രകോപിതരായി.
മഴക്കാലം വന്നാൽ ബദിയടുക്ക രജിസ്ട്രാർ ഓഫിസിൽ വൈദ്യുതി കണ്ണടക്കും. ബദൽ സംവിധാനങ്ങൾ ഇല്ലാത്തത് ഓഫിസ് പ്രവൃത്തികൾ മുടങ്ങുന്നത് കാരണമാകുന്നു. ഇത് സംഘർഷത്തിലേക്കും പോകുന്നു. ഇത് പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടാകാറില്ല. കഴിഞ്ഞ അഞ്ച് വർഷത്തോളമായി വൈദ്യുതി മുടക്കമായാൽ ബദൽ സംവിധാനം വേണമെന്ന ആവശ്യം ബന്ധപ്പെട്ട വകുപ്പിന് അയക്കുന്നു. പ്രതീക്ഷിക്കുന്ന നടപടിയുണ്ടാകാറില്ല. 24 വില്ലേജുകളുടെ പ്രവൃത്തിയാണ് ബദിയടുക്ക രജിസ്ട്രാർ ഓഫിസിൽ നടക്കുന്നത്. ‘ജോലി മുടങ്ങുന്നതിന് നാട്ടുകാർ ഞങ്ങളെ പറയുന്നു. ഞങ്ങൾ എന്ത് ചെയ്യാൻ‘ എന്ന് ജീവനക്കാർ പറയുന്നു.
കുടുംബ ആധാരം രണ്ട് എണ്ണം രജിസ്റ്റർ ചെയ്യാൻ 60 പേരുടെ ഒപ്പ് വേണ്ടിവരും. ഇതിന് നല്ല സമയം കണ്ടെത്തണം. ഇതെല്ലാം കാരണമായി ചൂണ്ടിക്കാണിച്ചാലും കുറ്റം ഓഫിസിന്റെ ചുമലിൽ ചാർത്തുകയാണ്. ഇവിടെ ജനങ്ങളുടെ പ്രശ്നത്തിന് ഞങ്ങൾക്ക് പറയാൻ ഒന്നുമില്ലെന്നും തിരുവനന്തപുരത്തിൽനിന്ന് ചെയ്യേണ്ട ജോലിയാണെന്നും രജിസ്ട്രാർ ഓഫിസർ ആർ. വിനോദ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.