ബദിയടുക്ക: മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.ജെ.പി കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദര ബന്ധുവീട്ടിൽ പൊലീസ് നിരീക്ഷണത്തിൽ. സ്വന്തം വീട്ടിൽ നിന്നും മാറി സുന്ദരയുടെ ആവശ്യാർഥം മരുമകെൻറ വീട്ടിലാണ് താമസം. സുന്ദരയുടെ വീടിരിക്കുന്നത് കർത്താജെയെന്ന സ്ഥലത്താണ്. ഇത് ബി.ജെ.പി ശക്തികേന്ദ്രമാണ്. കോൺഗ്രസിെൻറ സ്വാധീന മേഖലയിലാണ് ഇപ്പോൾ സുന്ദരയെ പൊലീസ് സംരക്ഷിക്കുന്നത്. സുന്ദരയുടെ മൊഴി അന്വേഷണ സംഘം എടുക്കുന്നതുവരെ ഇൗ വീട്ടിൽ തന്നെയായിരിക്കും സുന്ദരയുണ്ടാവുക.
ബി.എസ്.പിക്കാരനായ സുന്ദരക്ക് കോൺഗ്രസുമായി അടുത്ത ബന്ധമുണ്ട്. എൻമകജെ പഞ്ചായത്തിലെ വാണിനഗർ കർത്താജെയിലാണ് സുന്ദരയുടെ വീട്. ബി.എസ്.പിയുടെ ജില്ലയിലെ പ്രധാന ഭാരവാഹിയായിരുന്നു ഇദ്ദേഹം. നാട്ടിലെ തെൻറ സമുദായത്തിലെയും ആവശ്യക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു ഇദ്ദേഹത്തിെൻറ രാഷ്ട്രീയ പ്രവർത്തനം. സർക്കാറിനുള്ള അപേക്ഷകൾ പാവപ്പെട്ടവർക്ക് പൂരിപ്പിച്ചു നൽകി അതിന്മേൽ നടപടിയെടുപ്പിക്കുകയെന്നതായിരുന്നു സുന്ദര ചെയ്തിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകിയിരുന്നു. ഫലം വന്നപ്പോൾ 89 വോട്ടിനു കെ. സുരേന്ദ്രൻ തോറ്റു. കെ. സുന്ദരക്ക് 467 വോട്ട് ലഭിച്ചു. ഇതോടെയാണ് സുന്ദര താരമായത്.
2021ലെ തെരഞ്ഞെടുപ്പിലും സുന്ദര നാമനിർദേശ പത്രിക നൽകി. സുന്ദര അപകടകാരിയാണെന്ന് മനസ്സിലാക്കിയ ബി.ജെ.പി, സുന്ദരയെ 'വിലക്കെടുക്കുക'യായിരുന്നുവെന്നാണ് ആരോപണം. പിന്നീട് പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സുന്ദര അമ്മക്കൊപ്പമാണ് താമസം. കൂലിപ്പണിയും ഇടക്ക് മത്സ്യം വിൽപനയും സർക്കാർ ഓഫിസുകളിൽ കയറി ആവശ്യക്കാർക്ക് റേഷൻ കാർഡ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങിക്കൊടുത്തും ലഭിക്കുന്ന പ്രതിഫലമാണ് ജീവിത മാർഗം. സുന്ദരയുടെ കാര്യത്തിൽ മൂന്നു പൊലീസുകാർക്കാണ് ചുമതല. സ്ഥലത്തെ കോൺഗ്രസുകാരുടെ നിരീക്ഷണവുമുണ്ട്. എൻമകജെ കോൺഗ്രസ് ശക്തികേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.