ബദിയടുക്ക: ബദിയടുക്കയിൽ കാട്ടിൽ കുടിൽ കെട്ടി താമസിക്കുന്ന ബാലന്റെ വഴിതെളിക്കാനായി ബദിയടുക്ക പഞ്ചായത്തിലെ അധികാരികൾ എത്തി. ആരുടെയും ശ്രദ്ധയിൽപ്പെടാതെ പത്തു വർഷത്തോളമായി കാട്ടിൽ കഴിയുന്ന ബാലനെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം മാധ്യമം വാർത്ത പുറത്തുവിട്ടിരുന്നു.
ഇത് സാമൂഹ മാധ്യമങ്ങളിലും സജീവ ചർച്ചക്ക് വഴിവെച്ചു. ഇതോടെ പഞ്ചായത്ത് പ്രസിഡൻറ് ബി. ശാന്ത, വൈസ് പ്രസിഡൻറ് എം. അബ്ബാസ്, പഞ്ചായത്ത് സെക്രട്ടറി സി. രാജേന്ദ്രൻ, സി.പി.എം ബദിയടുക്ക ലോക്കൽ കമ്മിറ്റി അംഗം നാരായണ പൊയ്യകണം എന്നിവരാണ് ബാലൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്.
വിവരം തിരക്കിയ പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്.പത്തു വർഷത്തോളമായി പഞ്ചായത്തിന് തൊട്ടടുത്ത പ്രദേശമായ ബീജന്തടുക്ക മാഹിലംങ്കോടിയിൽ സർക്കാർ സ്ഥലമായ കുന്നിൽ മുകളിൽ കൂറ്റൻ മരങ്ങളുടെ കാട്ടിലാണ് ബാലൻ താമസിച്ച് വരുന്നത്. മേൽ വിലാസം തെളിയിക്കുന്ന രേഖകൾ ഒന്നുമില്ല.
ഇത് കാരണം റേഷൻ പോലും ലഭിക്കുന്നില്ല. ആഴ്ചയിൽ കിട്ടുന്ന കൂലിപ്പണിയടുത്ത് തുച്ഛമായ വരുമാനം കൊണ്ട് കഷ്ടപ്പെട്ടാണ് പട്ടിണിയില്ലാതെ ബാലൻ ജീവിതം തള്ളിനീക്കുന്നത്.
സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവർക്ക് സർക്കാർ ലൈഫ് പദ്ധതിലൂടെ കിടപ്പാടം ഉറപ്പിക്കുമ്പോൾ ബാലനെ പോലെ കുടിലിൽ താമസിക്കുന്നവർ ആരുടെയും കണ്ണിൽപെടാതെ പോകുന്നതിന് സർക്കാറിനും പഞ്ചായത്ത് അധികൃതർക്കും ഉത്തരമില്ലാത്ത ചോദ്യമാകുകയാണ് ബാലന്റെ ദുരിതകഥ. പഞ്ചായത്തിന്റെ അതി ദാരിദ്ര രേഖക്ക് താഴെയുള്ള പട്ടികയിൽ ബാലനെ ഉൾപ്പെടുത്തണമെന്നാണ് ഉയരുന്ന പൊതു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.