ബദിയടുക്ക: നീർച്ചാലിലെ പൊതുവിദ്യാലയത്തിൽ ഉച്ചക്കഞ്ഞി കഴിച്ച കുട്ടികളിൽ അസ്വസ്ഥത. ഇതിൽ പ്രധാനാധ്യാപകന്റെ വീഴ്ച രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. പൊതുവിദ്യാലയമായ നീർച്ചാലിലെ യു.പി സെക്ഷൻ വിഭാഗത്തിലെ കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. അച്ചാർ കഴിച്ച കുട്ടികൾക്കാണ് ചൊറിച്ചിലും ഛർദിയുമുണ്ടായത്. വിവരം യു.പി വിഭാഗത്തിലെ പ്രധാനാധ്യാപകനോട് കുട്ടികൾ അറിയിച്ചിട്ടും നാലു കിലോമീറ്റർ അടുത്തുള്ള ബദിയടുക്കയിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ അസ്വസ്ഥതയുള്ള കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കിയില്ലെന്ന പരാതിയാണ് ഉയർന്നത്.
വിവരമറിഞ്ഞ ചില രക്ഷകർത്താക്കൾ സ്കൂളിൽ എത്തിയതോടെയാണ് സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയി ചികിത്സതേടിയെന്ന് പറയുന്നു. 435 കുട്ടികൾ ഭക്ഷണം കഴിച്ചതിൽ പത്ത് കുട്ടികൾക്ക് മാത്രമാണ് ചൊറിച്ചിൽ ഉണ്ടായതെന്ന് പ്രധാനാധ്യാപകൻ ശിവപ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു. ബദിയടുക്ക ആരോഗ്യ കേന്ദ്രത്തിൽനിന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം. സുബ്രഹ്മണ്യൻ, എച്ച്.ഐ രാജേഷ് എന്നിവരെത്തി വിവരശേഖരണം നടത്തി. പാചകത്തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, വെള്ളത്തിന്റെ പരിശോധന റിപ്പോർട്ട് എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടു. സംഭവം കലക്ടറുടെയും ഡി.എം.ഒയുടെയും ശ്രദ്ധയിൽപെടുത്തിയതായി രക്ഷിതാക്കൾ പറഞ്ഞു. രുചിയില്ലാത്ത ഉച്ചക്കഞ്ഞിയാണ് കൊടുക്കുന്നതന്ന് നേരത്തെ പരാതി ഉയർന്നത് ഇതേ സ്കൂളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.