ബദിയടുക്ക: ചെടേക്കാലിൽ കുന്നിടിച്ച് നെൽപാടങ്ങൾ നികത്തുമ്പോഴും ചോദിക്കാൻ ആരുമില്ലന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. മാഫിയകളുടെ പ്രവൃത്തിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനവും കൂട്ടുകച്ചവടവും ജനങ്ങളിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ബദിയടുക്ക പഞ്ചായത്തിലെ നീർച്ചാൽ വില്ലേജിൽപെടുന്ന ചെടേക്കാൽ പൊതുമരാമത്ത് റോഡിന് ചേർന്നുനിൽക്കുന്ന സ്ഥലമാണ് നിരപ്പാക്കുന്നത്.
രണ്ട് ഏക്കറോളമുള്ള സ്ഥലത്ത് പഴയതലമുറകൾ നെൽകൃഷി നടത്തിവന്ന ഒരു ഏക്കർപ്പാടത്തെ ബാക്കിഭാഗം ചെമണ്ണ് കുന്ന് നിരപ്പാക്കിയും പുരയിടമാക്കി ഭൂമാഫിയ സംഘം വിൽപന നടത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
ദിവസങ്ങളോളമായി കുന്നിടിക്കൽ തുടരുകയാണ്. പൊലീസും റവന്യൂ വകുപ്പും ഇത് കണ്ടില്ലെന്ന് നടിക്കുന്നു. ഇതിനെതിരെആരും രംഗത്തുവരാത്തത് മാഫിയ സംഘത്തെ ഭയന്നാണ്.
ഇതിനടുത്ത് സ്ഥലം വാങ്ങിയവർക്ക് ആധാരം രജിസ്റ്റർ ചെയ്ത് കൊടുത്ത സംഭവത്തിൽ നെൽവയൽ എന്നത് മാറ്റിയതായി വിവരം. ആർ.ഡി.ഒയോ മുഖാന്തരമുള്ള സ്ഥലത്തിന്റെ തരം മാറ്റലിന് പോക്കുവരവ് നടക്കാനുള്ള സാധ്യത കുറവാണെന്ന് പറയുന്നു. ഇത്തരത്തിൽ നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഇടപെടലും മൗനാനുവാദവും ലഭിച്ചതിനെക്കുറിച്ചും അന്വേഷണം വേണമെന്ന പരാതിയാണ് ഉയർന്നുവരുന്നത്.
അതേസമയം, സംഭവം ശ്രദ്ധയിൽപെട്ടതായും സ്ഥലത്തിന്റെ റിപ്പോർട്ട് തേടി ആവശ്യമായ നടപടി കൈക്കൊള്ളുെമെന്നും കാസർ കോട് തഹസിൽദാർ കെ.എ. സാദിക്ക് ബാഷ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.